Connect with us

Malappuram

വണ്ടൂരിൽ ഇരുപത് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

Published

|

Last Updated

വണ്ടൂർ | തിരുവാലിയിൽ ഇരുപത് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. കുളക്കാട്ടിരി ഭയങ്കരൻ വീട്ടിൽ ഉണ്ണികൃഷ്ണനെ (39) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തിരുവാലി കുളക്കാട്ടിരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചാരായം കടത്തികൊണ്ടുവരികയായിരുന്ന മറ്റു രണ്ടു പേർ ചാരായം ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ലോക്ക്ഡൗണും ഈസ്റ്ററും വിഷുവും ചാകരയാക്കിയാണ് വ്യാജ വാറ്റുകൾ സജീവമായിട്ടുള്ളത്.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തുള്ള ജ്യോതിഗിരി എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 220 ലിറ്റർ വാഷും വാറ്റിന് ഉപയോഗിക്കുന്ന നിരവധി പാത്രങ്ങളും ഗ്യാസ് സിലിണ്ടറും വലിയ ഗ്യാസ് ബർണറും കണ്ടെടുത്തു.

എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട കുളക്കാട്ടിരി സ്വദേശിയായ വിപിൻ (35) മുമ്പ് ചാരായം വാറ്റിയതിന് പിടിയിലായിട്ടുള്ളയാളാണ്. ഓടി രക്ഷപ്പെട്ട പാലക്കാട് ആലത്തൂർ സ്വദേശിയായ രവി ഇയാളുടെ സഹോദരി ഭർത്താവാണ്. ഇരുവർക്കും വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തീർത്തും വിജനമായ പ്രദേശത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ലിറ്ററിന് 1300 രൂപ മുതൽ 1500 രൂപ വരെ ഈടാക്കിയാണ് ഇവർ മേഖലയിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നത്. ലോക്ക്ഡൗണിനിടയിൽ ഈസ്റ്ററും വിഷുവും കടന്ന് വന്നത്
ചാരായ വാറ്റ് സജീവമാകുന്നതിന് കാരണമായി.

ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ, കാളികാവ് റേഞ്ചിലെ പ്രിവന്റിവ് ഓഫീസർമാരായ എൻ ശങ്കരനാരായണൻ, എം കെ ശശിധരൻ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അരുൺ കുമാർ,വി സുഭാഷ്,ഇ ടി ജയാനന്ദൻ, സി ദിനേഷ്,സി ടി ഷംനാസ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. ലോക്ക്ഡൗൺ കാലത്ത് എക്സൈസ് വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ ഏറ്റവും വലിയ ചാരായ വേട്ടയാണിത്.