Connect with us

Kerala

ലോക്ക്ഡൗൺ: ഡീ അഡിക്‌ഷൻ സെന്ററുകളിൽ തിരക്ക് വർധിക്കുന്നു

Published

|

Last Updated

കോഴിക്കോട് | ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഡീ അഡിക്‌ഷൻ സെന്ററുകളിൽ തിരക്ക് കൂടുന്നു. ബീച്ച് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്‌ഷൻ സെന്ററിൽ പുതുതായി ചികിത്സ തേടിയത് 105 പേർ. മദ്യപിക്കാൻ മറ്റു വഴികളില്ലാതായതോടെയാണ് പലരും ഡീ അഡിക്‌ഷൻ സെന്ററുകളെ സമീപിച്ചു തുടങ്ങിയത്. മാർച്ച് 27ന് ശേഷമാണ് ആശുപത്രിയിൽ ഇത്രയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരാണ് കൂടുതലും ചികിത്സ തേടിയെത്തുന്നതെന്ന് വിമുക്തി സൈക്യാട്രി സോഷ്യൽ വർക്കർ വി ഇ പ്രഭിഷ പറഞ്ഞു.

മദ്യപാനത്തിൽ നിന്ന് പൂർണ മോചനമാഗ്രഹിച്ചാണ് പലരും ഇവിടെ എത്തുന്നത്. 50 ഒ പി കേസുകളും 55 ഫോൺകോൾ കൗൺസിലിംഗ് കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ മെഡിറ്റേഷനും പിന്നീട് കൗൺസിലിംഗും അതിന് ശേഷം കിടത്തി ചികിത്സയുമാണ് നൽകിവരുന്നത്.

എന്നാൽ, പലരും കിടത്തി ചികിത്സക്ക് ഇടയിൽ വെച്ച് ഇറങ്ങിപ്പോകുന്നതിനാൽ കൂട്ടിരിപ്പുകാരെ നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം സർക്കാർ ഡീ അഡിക്‌ഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് കൂടുതൽ ചികിത്സ ആവശ്യമുള്ളവരെയാണ് ബീച്ച് ആശുപത്രിയിലെ സെന്ററിലേക്ക് മാറ്റുന്നത്. ക്വാറന്റൈൻ കേസുകളുമായി ബന്ധപ്പെട്ടവരെ കുതിരവട്ടം മാനസികാരോഗാശുപത്രിയിലെ ഡീ അഡിക്‌ഷൻ സെന്ററിലേക്കും മാറ്റും.

ചിലർ സ്വമേധയാ ഡീ അഡിക്‌ഷൻ സെന്ററുകളിൽ എത്തുന്നുണ്ടെങ്കിലും കുടുംബത്തിൽ നിന്നുള്ള ഇടപെടൽ നിമിത്തം എത്തുന്നവരാണ് ഏറെയും. മദ്യം ലഭിക്കാതാകുന്നത് മദ്യപാന ശീലം പൂർണമായി ഉപേക്ഷിക്കാൻ ഇടയാക്കുമെന്നാണ് പല വീട്ടുകാരും കരുതുന്നത്. മദ്യപാനം പെട്ടെന്ന് പൂർണമായും നിർത്തുന്നത് മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നേരിടുന്നതിനായി വിമുക്തി സെല്ലിനെ സമീപിക്കാം. ജില്ലാ വിമുക്തി കൺട്രോൾ റൂം: 9495002270, ടോൾ ഫ്രീ നമ്പർ: 1056. ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

കോഴിക്കോട്