Connect with us

Covid19

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കാന്‍ നടപടി വേണം; ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെയും മറ്റു മെഡിക്കല്‍ ജീവനക്കാരുടെയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ ശുശ്രൂഷയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും പിണറായി കത്തയച്ചു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദ്ദവ് ഇന്ന് അടിയന്തരമായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ പിണറായിയുടെ കത്തിലെ ആവശ്യവും വിഷയമാകും. സാധാരണ ബുധനാഴ്ച ചേരാറുള്ള യോഗമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നേരത്തെ നടത്താന്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെ നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്ന് കെജ്‌രിവാളിന് എഴുതിയ കത്തില്‍ പിണറായി പറഞ്ഞു. “കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ നടപടിയുണ്ടാകണം.”- കത്തില്‍ വ്യക്തമാക്കി. 523 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചപ്പോള്‍ 19 പേര്‍ക്ക് രോഗം ഭേദമായി.

---- facebook comment plugin here -----

Latest