Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകെ മരിച്ചത് 18 മലയാളികള്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇത്രയും പേരുടെ ജീവന്‍ വിദേശത്തു നഷ്ടപ്പെട്ടത് കടുത്ത വേദനയുളവാക്കുന്നതാണ്. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് കൊവിഡ് ഭീകരമാം വിധം പടരുമ്പോഴും രോഗ വ്യാപനം തടുത്തുനിര്‍ത്താന്‍ കേരളത്തിനു കഴിയുന്നുണ്ട്. സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണ്.

13 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട്- ഒമ്പത്, മലപ്പുറം- 2, കൊല്ലം- 1, പത്തനംതിട്ട- 1 എന്നിങ്ങനെയാണ് കണക്ക്. കാസര്‍കോട്ട് കൊവിഡ് പോസിറ്റീവായവരില്‍ ആറുപേര്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ് കൊല്ലത്തും മലപ്പുറത്തുമുള്ള രോഗബാധിതര്‍. പത്തനംതിട്ടയിലെത് വിദേശത്തു നിന്ന് തിരിച്ചെത്തിയതാണ്. സംസ്ഥാനത്ത് ആകെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. 152804 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 152009 പേരാണ്. ആശുപത്രിയില്‍ 795ഉം. ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. ഇതുവരെ 10,716 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 9607 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പരിശോധനക്കയച്ച ഓരോ സാമ്പിളുകള്‍ നെഗറ്റീവാണ്.

കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രത്യേക കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തയെന്നും മുഖ്യമന്ത്രി അറിയിച്ചു. നാലു ദിവസം കൊണ്ടാണ് കൊവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനായത്. ആദ്യ ഘട്ടത്തില്‍ 200 കിടക്കകളും 10 ഐ സി യുകളുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 100 കിടക്കളും 10 ഐ സി യുകളും കൂടുതലായി സംവിധാനിക്കും. ഏഴു കോടിയോളം രൂപയാണ് അത്യന്താധുനിക സൗകര്യങ്ങളുള്ള ആശുപത്രിക്കു വേണ്ടി ചെലവിട്ടിട്ടുള്ളത്.

കൊവിഡ് രോഗ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 26 അംഗ സംഘത്തെ കാസര്‍കോട്ടേക്ക് അയക്കാനായതും നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 ഡോക്ടര്‍മാര്‍, 10 സ്റ്റാഫ് നഴ്‌സുമാര്‍, 5 അസിസ്റ്റന്റ് നഴ്‌സുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ആശുപത്രി പ്രവര്‍ത്തനങ്ങളെ ഇവര്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പുറമെ രോഗികളെ ചികിത്സിക്കുകയും ചെയ്യും. ഏതു സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലധികം പ്രത്യേക കൊവിഡ് കേന്ദ്രങ്ങള്‍ തയാറായി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.