Connect with us

Gulf

ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് സാധ്യമല്ല: കേന്ദ്ര മന്ത്രി വി മുരളീധരന്‍

Published

|

Last Updated

അബുദാബി | ലോക്ഡൗണും രാജ്യാന്തര യാത്രാ വിലക്കും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ഇപ്പോള്‍ സാധ്യമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാന്‍ അപേക്ഷിച്ച് വിദേശത്ത് നിന്ന് നിരവധി ഇന്ത്യക്കാര്‍ തന്നെയും മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ വിമാനസര്‍വീസ് ഒരു നിലക്കും സാധ്യമല്ലെന്നും വി മുരളീധരന്‍ സിറാജിനോട് പറഞ്ഞു. യുഎഇയുടെ പല ഭാഗങ്ങളിലും ചില സംഘടനകള്‍ വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രിയുടെ വിശദീകരണം.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശകരും യാത്രക്ക് അടിയന്തിര കാരണങ്ങളുള്ള താമസക്കാരും ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

ലോക്ക്ഡൗണ്‍ കാലയളവില്‍ ആര്‍ക്കും ഇന്ത്യയിലേക്ക് പറക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരോടും കേന്ദ്ര സര്‍ക്കാര്‍ ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടിവന്നാല്‍ നിലവിലെ താമസസ്ഥലത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാമെന്നും മുരളീധരന്‍ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ചെയ്തു നല്‍കണമെന്ന് മന്ത്രി എല്ലാ ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി