Connect with us

Covid19

കൊവിഡ്; ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍

Published

|

Last Updated

ഹൈദരാബാദ് | രാജ്യത്താകമാനം കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് സംഘടന. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ സേനക്കെതിരെ ആക്രമണം നടത്തില്ലെന്ന് സി പി ഐ-മാവോയിസ്റ്റ് ഗ്രൂപ്പിന്റെ മല്‍കാന്‍ഗിരി-കൊറാപുട്-വിശാഖ അതിര്‍ത്തി ഡിവിഷന്‍ (എം കെ വി ബി) കമ്മിറ്റി സെക്രട്ടറി കൈലാസം പറഞ്ഞു. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ എഴുതിത്തയാറാക്കിയ പ്രസ്താവനയിലാണ് കൈലാസം ഇക്കാര്യം വ്യക്തമാക്കിയത്.

“ഇക്കാലയളവില്‍ സുരക്ഷാ സേനക്കെതിരെ യാതൊരു വിധത്തിലുള്ള ആക്രമണവും നടത്തേണ്ടതില്ലെന്നാണ് സി പി ഐ മാവോയിസ്റ്റിന്റെ സായുധ ഗ്രൂപ്പായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെയും പാര്‍ട്ടിയുടെ മറ്റു മുന്‍നിര ഗ്രൂപ്പുകളുടെയും തീരുമാനം.”- പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, സൈന്യം തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിക്കു മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും കൈലാസം മുന്നറിയിപ്പു നല്‍കി. പ്രസ്താവനയോട് അഞ്ചു ദിവസത്തിനകം പ്രതികരിക്കണമെന്നും കൈലാസം ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകള്‍ സ്വാഗതം ചെയ്തു. ഇതിനോട് കേന്ദ്ര, തെലങ്കാന, ആന്ധ്രപ്രദേശ് സര്‍ക്കാറുകള്‍ സക്രിയമായി പ്രതികരിക്കണമെന്നും സമാധാനാന്തരീക്ഷം രൂപപ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Latest