Connect with us

Articles

സമ്പദ്‌വ്യവസ്ഥ ലോക്ക്ഡൗണില്‍

Published

|

Last Updated

ഒരു സൂക്ഷ്മാണുവിനെ തോല്‍പ്പിക്കാനുള്ള യുദ്ധത്തിലാണ് ലോകം. കൊറോണ വൈറസിനെപ്പേടിച്ച് വിവിധ രാജ്യങ്ങള്‍ അടച്ചിട്ടപ്പോള്‍ ഏതാണ്ട് തടവുകാരെപ്പോലെ കഴിയേണ്ടി വരുന്നത് മുന്നൂറ് കോടിയോളം ആളുകള്‍ക്കാണ്. പത്ത് ലക്ഷത്തിലധികം പേര്‍ രോഗ ബാധിതരായി ആശുപത്രികളില്‍ കഴിയുന്നു. രോഗബാധിതരായി വീടുകളില്‍ തന്നെ കഴിയുന്നവരുടെയും വൈറസ് ബാധയുണ്ടെന്ന് അറിയാതെ കഴിയുന്നവരുടെയും കണക്കെടുത്താല്‍ സംഖ്യ ഇനിയും ഉയരും. ഒരൊറ്റ പ്രഹരം കൊണ്ട് പതിനായിരങ്ങളുടെ, ചിലപ്പോള്‍ ലക്ഷങ്ങളുടെയും ജീവനെടുക്കാന്‍ പാകത്തിലുള്ള ആയുധങ്ങള്‍ കൂമ്പാരം കൂട്ടിയവരൊക്കെ ഈ വൈറസിന് മുന്നില്‍ ഭയന്ന് നില്‍ക്കുന്നു. സഹസ്ര കോടികളുടെ സമ്പാദ്യത്തിന്റെ ഭാരത്താല്‍ ഉറക്കം കഷ്ടിയായവര്‍, ശേഷിച്ച മയക്കം വൈറസിനാല്‍ അപഹരിക്കപ്പെട്ട് പേടിയില്‍ കഴിയുന്നു.
വൈറസിന്റെ വ്യാപനം തടഞ്ഞ് ലോകം കൊവിഡ് 19ല്‍ നിന്ന് മുക്തമാകാന്‍ എത്രകാലം വേണ്ടിവരുമെന്നതില്‍ തിട്ടമില്ല. എത്രകാലമെടുക്കുന്നോ അത്രയും ഗുരുതരമായിരിക്കും കൊവിഡ് 19ന്റെ പാര്‍ശ്വഫലം, പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍. എല്ലാ രാഷ്ട്രങ്ങളും ആ പ്രതിസന്ധി നേരിടേണ്ടിവരും. 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യന്‍ യൂനിയനായിരിക്കും ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരിക. കൊവിഡ് വ്യാപനം തടയുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടിരിക്കുകയാണ്. ഇത് മൂലം സമ്പദ് വ്യവസ്ഥക്ക് ഒരു ദിവസമുണ്ടാകുന്ന നഷ്ടം 464 കോടി ഡോളറാണെന്നാണ് ധനകാര്യ ഏജന്‍സികളിലൊന്നിന്റെ കണക്ക്. രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 35,000 കോടി.

കണക്കെടുക്കാവുന്ന ഉത്പാദനത്തിന്റെയും സേവനത്തിന്റെയും മൂല്യമാണിത്. അസംഘടിത മേഖലയില്‍ നഷ്ടമാകുന്ന തൊഴിലും മറ്റും കണക്കിലെടുത്താല്‍ പ്രതിദിന നഷ്ടം അര ലക്ഷം കോടിയിലേറെയാകും. ഇത്രയും തുകയുടെ ക്രയവിക്രയം പ്രതിദിനം ഇല്ലാതാകുമ്പോള്‍ അതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട (നികുതിയിനത്തിലും മറ്റും) പണവും ഇല്ലാതാകുകയാണ്. അതായത് കൊവിഡാനന്തരം സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ പാകത്തിലുള്ള നിക്ഷേപം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് പോലും സാധിക്കില്ലെന്ന് ചുരുക്കം.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ യൂനിയന്റെ സമ്പദ് വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. അതിന്റെ ആഘാതത്തിന് പുറമെയാണ്, കിട്ടാക്കടത്തിന്റെ വലുപ്പം വര്‍ധിച്ച് വിപണിയിലേക്ക് വേണ്ടത്ര പണമിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയ നമ്മുടെ ബേങ്കുകള്‍ സൃഷ്ടിച്ച പ്രതിസന്ധി. ഇതിനൊന്നും പരിഹാരം കാണാന്‍ സാധിക്കാതെ ഉഴന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കില്‍ കൊണ്ടു നിറുത്തിയിരിക്കെയാണ് കൊവിഡ് 19 എന്ന മഹാമാരിയുടെ വരവ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) വളര്‍ച്ചാ നിരക്ക് രണ്ടര ശതമാനത്തിലേക്ക് താഴുമെന്നാണ് ഒരു വിഭാഗം ഏജന്‍സികള്‍ പ്രവചിക്കുന്നത്. ചില ഏജന്‍സികള്‍ നിരക്ക് ഒരു ശതമാനത്തിലേക്ക് താഴുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള കാലത്തുണ്ടായത് പോലെ കൊവിഡാനന്തര കാലത്തും പ്രതിസന്ധിയെ വേഗത്തില്‍ മറികടക്കാന്‍ കഴിയുക വന്‍കിടക്കാര്‍ക്കാണ്. പുതിയ നിക്ഷേപത്തിലൂടെ ഉത്പാദനം വേഗത്തിലാക്കാനും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും അവര്‍ക്ക് സാധിക്കും. ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടും. ഇത്തരം സ്ഥാപനങ്ങളില്‍ പലതും പൂട്ടിപ്പോകേണ്ടിവരും. അവിടെ തൊഴിലെടുത്തിരുന്നവരൊക്കെ പുറത്തേക്ക് വലിച്ചെറിയപ്പെടും. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ യൂനിയനില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കഴിഞ്ഞ നാല് ദശകത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ്. അത് കൂടുതല്‍ ഉയരുന്നതിനാകും രാജ്യം ആദ്യം സാക്ഷ്യം വഹിക്കുക. ഇത് വിപണിയിലേക്കുള്ള പണമൊഴുക്കിനെ കൂടുതല്‍ ദുര്‍ബലമാക്കുകയും അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളെക്കൂടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും.

ബേങ്കിംഗ് മേഖലയാണ് വലിയ പ്രയാസത്തിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള മറ്റൊന്ന്. വരുമാനം നിലക്കുകയോ അതില്‍ വലിയ കുറവുണ്ടാകുകയോ ചെയ്യുന്നതിനാല്‍ വലിയൊരു വിഭാഗം ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചെറു നിക്ഷേപം പോലും പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകും. വരുമാനത്തിലുണ്ടാകുന്ന കുറവ് വായ്പകളുടെ തിരിച്ചടവിനെയും ബാധിക്കും. നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെടുകയും വായ്പകളുടെ തിരിച്ചടവിന്റെ തോത് ഇടിയുകയും ചെയ്താല്‍ ബേങ്കുകളുടെ കൈവശം ക്രയവിക്രയത്തിന് വേണ്ട പണമുണ്ടാകില്ല. ഇപ്പോള്‍ തന്നെയുള്ള കിട്ടാക്കടത്തിന്റെ മുകളില്‍ ഇത്തരമൊരു സ്ഥിതിയുണ്ടായാല്‍ പിടിച്ചുനില്‍ക്കുക ബേങ്കുകളെ സംബന്ധിച്ച് പ്രയാസമാകും. അതുകൊണ്ടു തന്നെ പുതിയ വായ്പകള്‍ നല്‍കാനോ അതുവഴി വ്യവസായ – വാണിജ്യ മേഖലകളെ പിന്തുണക്കാനോ അവക്ക് സാധിക്കുകയുമില്ല. ബേങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനുമാകില്ല. ധനക്കമ്മിയുടെ പരിധി പ്രതിസന്ധികളില്ലാത്ത കാലത്ത് പോലും പാലിക്കാനാകാത്ത കേന്ദ്ര സര്‍ക്കാറിന്, നികുതിയിനത്തിലുള്ള വരുമാനം കുത്തനെ കുറയുന്ന കാലത്ത് ബേങ്കുകളിലേക്ക് പണമൊഴുക്കുക അസാധ്യമാകും. അസാധാരണവും അത്രയെളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കാത്തതുമായ സാമ്പത്തിക വൈതരണിയാണ് രാജ്യത്തെയാകെ കാത്തിരിക്കുന്നത്.

രാജ്യത്താകെയുള്ള ഈ സാഹചര്യം കേരളവും അഭിമുഖീകരിക്കേണ്ടിവരും. അതിനൊപ്പം സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന പ്രവാസികളുടെ നിക്ഷേപത്തിലുണ്ടാകുന്ന ഇടിവിന്റെ പ്രത്യാഘാതവും കേരളത്തിന് നേരിടേണ്ടതുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടായാല്‍ അവിടുത്തെ തൊഴിലുകളില്‍ നിന്ന് പുറത്താക്കപ്പെട്ട് തിരിച്ചെത്താനിടയുള്ള മലയാളികളെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാറിനുണ്ടാകും. രണ്ട് പ്രളയങ്ങള്‍ നമ്മുടെ നാടിന് ഏല്‍പ്പിച്ച പ്രഹരം ചെറുതല്ല. അതുണ്ടാക്കിയ പ്രയാസങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊവിഡിന്റെ വരവ്. നികുതി വരുമാനം പ്രതീക്ഷിച്ച തോതില്‍ വളരാതിരിക്കുകയും വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ കിഫ്ബിയിലൂടെ കടമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനായിരുന്നു ശ്രമം. കിഫ്ബിക്ക് കൂടുതല്‍ വായ്പകള്‍ ലഭിക്കാനുള്ള സാധ്യത, ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍, കുറയാനാണ് സാധ്യത. നിത്യനിദാന ചെലവിന് പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലേക്ക് കേരളം എത്തുക എന്നത് അതിശയോക്തിയല്ല.

കൊവിഡ് പ്രതിരോധത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ബുദ്ധിമുട്ടുകയാണ് സംസ്ഥാനങ്ങളെല്ലാം. പരിശോധനകള്‍ നടത്തണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കണം, മരുന്നുകള്‍ ശേഖരിക്കണം, വെന്റിലേറ്ററടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നാല്‍ അവരെ പാര്‍പ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം തുടങ്ങി സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വം വലുതാണ്. ഇതിനൊക്കെ വേണ്ട പണം കണ്ടെത്തുക എന്നത് വെല്ലുവിളിയും. അത്തരമൊരു സാഹചര്യത്തില്‍പ്പോലും സംസ്ഥാനങ്ങള്‍ക്ക് പണമനുവദിക്കാന്‍ തയ്യാറാകുന്നില്ല കേന്ദ്ര സര്‍ക്കാര്‍. വലിയ അപകടത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ പോലും സംസ്ഥാനങ്ങളെ സഹായിക്കാന്‍ മെനക്കെടാത്ത കേന്ദ്ര സര്‍ക്കാര്‍, കൊവിഡാനന്തര കാലത്ത്, പതിവ് വിഹിതപ്പങ്കിടലിന് അപ്പുറത്ത്, സഹായിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ?

രാജ്യത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം വലിയ ദുരിതത്തിലാകുമെന്ന് തന്നെ പ്രതീക്ഷിക്കണം. അതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. രോഗാവസ്ഥയില്‍ നിന്ന് രാജ്യം എന്ന് മുക്തമാകുമെന്ന സൂചന പോലും ഇപ്പോഴില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനത്തിന്റെ തോത് എത്രത്തോളമെന്നതില്‍ നിശ്ചയവുമില്ല. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍, ആശുപത്രികള്‍ വരെ പൂട്ടിയിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മഹാമാരിയെന്ന വിശേഷണം അതിന്റെ അര്‍ഥവ്യാപ്തിയില്‍ രാജ്യം അനുഭവിക്കേണ്ടി വന്നാല്‍, ഇറ്റലിയിലൊക്കെ ഉണ്ടായതുപോലെ, സ്തംഭനാവസ്ഥ തുടരേണ്ടി വരും. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവചിക്കപ്പെടുന്ന അസാധാരണമായ തകര്‍ച്ചക്ക് അപ്പുറത്തായിരിക്കും കാര്യങ്ങള്‍. അവിടേക്കൊന്നും ഇന്ത്യന്‍ യൂനിയന്‍ പോകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയൂ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഭാവനാപൂര്‍ണമായ എന്തെങ്കിലും ചെയ്യാന്‍ ഇക്കാലം വരെ കഴിയാതിരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ വാഴ്ച തുടരുമ്പോള്‍ പ്രത്യേകിച്ചും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest