Connect with us

Kerala

ഒറ്റ ക്ലിക്ക് മതി, 'കനിവും കാരുണ്യവും' നിങ്ങളുടെ വീട്ടിലെത്തും

Published

|

Last Updated

കൊച്ചി | കൊവിഡ് ദുരിത കാലത്ത് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള കൺസ്യൂമർഫെഡിന്റെ ഓൺലൈൻ വ്യാപാരത്തിന് നാളെ തുടക്കമാകും. ഏതു പ്രതിസന്ധി തരണം ചെയ്തും അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുകയെന്ന സർക്കാർ നിർദേശത്തെത്തുടർന്നാണ് കൺസ്യൂമർഫെഡ് വിപുലമായ ഓൺലൈൻ കച്ചവട പദ്ധതി ആവിഷ്‌കരിക്കുന്നത്.
അവശ്യ നിത്യോപയോഗ സാധനങ്ങളുടെ മൂന്ന് കിറ്റുകളാണ് സർക്കാർ വിലയിൽ ഓൺലൈൻ വ്യാപാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 499 രൂപ വിലയുള്ള കനിവ് കിറ്റും, 799 രൂപ വില വരുന്ന കാരുണ്യം കിറ്റും 999 രൂപയുടെ കരുതൽ കിറ്റുമാണ് വിപണിയിലിറക്കുന്നത്. അരി പഞ്ചസാര, തേയില, വെളിച്ചെണ്ണ, ഉപ്പ്, മുളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, കടല, പീസ് പരിപ്പ് എന്നിവയാണ് കനിവ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കാരുണ്യം കിറ്റിൽ ഈയിനങ്ങൾക്ക് പുറമെ ആട്ട, വാഷിംഗ്‌ സോപ്പ്, ബാത്ത്‌ സോപ്പ്, ബിസ്കറ്റ്, മിൽമ പാൽ എന്നിവയും കരുതൽ കിറ്റിൽ ഗ്രീൻപീസ്, ഡിഷ് വാഷ് ബാർ എന്നിവയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. www.consumerfed.online എന്ന സൈറ്റിൽ ലോഗിൻ ചെയ്താണ് ഉപഭോക്താക്കൾ സാധനങ്ങൾ ആവശ്യപ്പെടേണ്ടത്. സാധനങ്ങളുടെ കൺസ്യൂമർഫെഡ് വിലക്ക് പുറമെ വിതരണം ചെയ്യുന്നതിനാവശ്യമായ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ആദ്യഘത്തിൽ നാളെ മുതൽ എറണാകുളത്ത് മാത്രമാണ് വിതരണം നടത്തുക.തൊട്ടടുത്ത ദിവസം മുതൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഓൺലൈൻ വ്യാപാരം നടത്തുമെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

അതേസമയം, കൺസ്യൂമർഫെഡിന്റെ എല്ലാ ഒൗട്ട്‌ലെറ്റുകളിലും മിൽമ പാലും ഉത്പന്നങ്ങളും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഔട്ട്‍‌ലെറ്റിൽ നിന്ന് സാധനങ്ങൾ ആവശ്യപ്പെടുന്നമുറക്ക് ഹോം ഡെലിവറിയായി എത്തിച്ചു നൽകുന്നതിനും നടപടിയായിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി,കോഴിക്കോട്, പാലക്കാട് ജില്ലകളാണ് ഹോം ഡെലിവറിയായി സാധനങ്ങൾ എത്തിച്ചു നൽകിത്തുടങ്ങിയത്. കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സഹകരണ സംഘങ്ങളുടെ 10 വിതരണ കേന്ദ്രങ്ങളും ഇന്നലെ തുറന്നിട്ടുണ്ടെന്ന് എം ഡി. വി എം മുഹമ്മദ്‌ റഫീഖും പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി