Connect with us

Kerala

വിവാദ പരാമര്‍ശം: പ്രതിഭയില്‍ നിന്ന് സി പി എം വിശദീകരണം തേടും

Published

|

Last Updated

ആലപ്പുഴ | മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കായംകുളം എം എല്‍ എ യു പ്രതിഭയില്‍ നിന്ന് സി പി എം വിശദീകരണം തേടിയേക്കും. ജില്ലാ നേതൃത്വമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പ്രതിഭയുടെ പദപ്രയോഗം തെറ്റാണെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് പ്രതിഭയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പദപ്രയോഗം ശരിയായില്ലെന്നും നാസര്‍ പറഞ്ഞു.

പ്രതിഭയും കായംകുളത്തെ ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ അസ്വാരസ്യത്തെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നും ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിക്കണമെന്നുമായിരുന്നു പ്രതിഭയുടെ പ്രസ്താവന.

അതിനിടെ മാധ്യമപ്രവര്‍ത്തകരെ മൊത്തതില്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് പ്രതിഭ വിശദീകരിച്ചു. തന്നെ വേട്ടയാടന്‍ ശ്രമമുണ്ടായി. അപ്പോഴാണ് ചിലത് തുറന്ന് പറഞ്ഞത്. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിഭ പറഞ്ഞു.