Connect with us

Uae

തിരിച്ചുവരും, ആ സ്വപ്‌നകാലം

Published

|

Last Updated

ദുബൈ നഗരം ജനിച്ചത് ദേരയിൽ കടൽ കൈവഴി തുടങ്ങുന്നയിടത്തെ മുനമ്പിൽ അൽ റാസിൽ. പായ്കപ്പലുകൾക്ക് നങ്കൂരമിടാൻ പ്രകൃതി കനിഞ്ഞുനൽകിയ മടിത്തട്ടു പോലെ ഇരു കരകളിൽ ഒന്ന്. യു എ ഇ യുടെ പ്രഥമ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂം ഇതിനെ പോറ്റി വളർത്തി. ശൈഖ് റാശിദിന്റെ പിതാവും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് സഈദ് ബിൻ മക്തൂം മറ്റേ കരയിൽ,ബർ ദുബൈ ഭാഗത്തു ഭവനം പണിതിരുന്നു.

ഇവിടെ തന്നെയായിരുന്നു ഭരണ നിർവഹണ കേന്ദ്രം. ശൈഖ് സഈദിന്റെ ഭവനം ഇന്ന് മ്യൂസിയമാണ്. ഇവിടെ ദുബൈയുടെ പഴയ ചരിത്രം ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇവിടെയാണ് ശൈഖ് റാശിദ് ജനിച്ചു വളർന്നത്. ശൈഖ് റാശിദ് വഞ്ചിയിൽ അൽ റാസ് ഇടക്കിടെ സന്ദർശിക്കും. ഇന്ത്യ,യമൻ,ഇറാൻ ഭാഗങ്ങളിൽ നിന്ന് എത്തുന്ന പായ്കപ്പലുകൾക്കു നങ്കൂരമിടാൻ സൗകര്യം ചെയ്താൽ ദുബൈക്ക് ഗുണം ചെയ്യുമെന്ന് ശൈഖ് റാശിദ് മനസ്സിലാക്കി. ഇരു കരകളിലും കല്ല് പാകി. ചരക്കിറക്കാൻ തിട്ടയൊരുക്കി. നടപ്പാത സ്ഥാപിച്ചു. പായ്കപ്പലുകളിൽ എത്തുന്ന അരിയും പല വ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അൽ റാസിൽ സംഭരണ കേന്ദ്രങ്ങളും ചില്ലറ വിൽപനശാലകളും തയാറായി. പായ്കപ്പലിൽ എത്തുന്നവർക്ക് ഭക്ഷണത്തിനും വിശ്രമത്തിനും ഹോട്ടലുകളും റെസ്റ്റോറന്റുകളും വ്യാപകമായി. ഇരുകരകളെയും ബന്ധിപ്പിക്കാൻ അബ്ര. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരത്തിന് ബർദുബൈ. ദേരയിൽ ഖാദർ ഹോട്ടൽ എന്നൊരു സ്ഥലമുണ്ട്. സബ്ഖ ബസ് സ്റ്റേഷനു തൊട്ടടുത്താണത്. കണ്ണൂർക്കാരൻ സ്ഥാപിച്ച ഖാദർ ഹോട്ടൽ ഇന്നില്ല. എന്നാലും ആ പ്രദേശം മലയാളികൾക്ക് ഇന്നും ഖാദർ ഹോട്ടൽ. ഇന്ത്യ,പാകിസ്ഥാൻ എന്നിവടങ്ങളിൽ നിന്ന് യാത്രാരേഖകൾ ഇല്ലാതെ ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ തുടങ്ങി വടക്കൻ എമിറേറ്റുകളിൽ കള്ളലോഞ്ചിറങ്ങുന്നവരും അവസാനം എത്തിപ്പെടുന്നത് ഖാദർ ഹോട്ടൽ പരിസരത്ത്. ഇവിടെ എത്തിപ്പെട്ടാൽ ജീവിതമാർഗത്തിനു തെളിച്ചം കിട്ടുമെന്ന് ഏവരും വിശ്വസിച്ചു. ഒന്നുമില്ലെങ്കിൽ ചരക്കിറക്കുന്ന പായ്കപ്പലിൽ കയറി വേറെ എങ്ങോട്ടെങ്കിലും പോകാം.
തൊണ്ണൂറുകളുടെ ആരംഭത്തിൽ ഇവിടെ ഒരിക്കലെങ്കിലും വന്ന മലയാളികൾക്ക് ഈ പ്രദേശം മറക്കാൻ കഴിയില്ല.

എവിടെ നോക്കിയാലും മലയാളികൾ. ഏറെയും മലബാറുകാർ. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അവിടങ്ങളിൽ നിന്ന് ധാരാളം പേർ റൂബിൾ കറൻസിയുമായി എത്തി. അതോടെ മുർശിദ് ബസാറിലെ മലയാളികൾ റഷ്യൻ ഭാഷ പഠിച്ചു. ഭാഷകൾ ഏറ്റവും വഴങ്ങുന്നത് മലയാളികളാണെന്ന് കണ്ട്, ഇറാനികളും സ്വദേശികളും മലയാളികളെ ജോലിക്കായി നിയോഗിച്ചു. കടകൾ പെരുകുന്നതിനനുസരിച്ച് മലയാളികൾ വർധിച്ചു.ജീവനക്കാരായ ചിലർ കഠിനാധ്വാനത്തിലൂടെ സ്വന്തം സ്ഥാപനങ്ങൾ തുടങ്ങി. അവരും പച്ച പിടിച്ചു. തദ്ദേശീയർ ഉള്ളിൽ സ്‌നേഹം നിറച്ചു “കുല്ലും മലബാറി” എന്ന് വിധിയെഴുതി. ഇന്നത്തെ ബനിയാസ് മെട്രോ സ്റ്റേഷൻ നിൽക്കുന്ന സ്ഥലം അന്ന് വിശാലമായ ചത്വരമാണ്. നാസർ സ്‌ക്വയർ, എച് എസ് ബി സി, ഇഷ്ടികപ്പള്ളി എന്നിങ്ങനെ കേരളത്തിലെ ഏത് തെരുവിൽ നിന്ന് വിളിച്ചാലും ഈ ചത്വരം വിളി കേൾക്കും. വടക്കൻ എമിറേറ്റിൽ നിന്ന് വരുന്നവർ “മച്ചി ചൗക്ക് “പിന്നിട്ടാൽ, അബുദാബിയിൽ നിന്നുള്ളവർക്ക് ബർ ദുബൈയിൽ ഷെയറിങ് ടാക്‌സിയിറങ്ങി അബ്ര കടന്നാൽ, ഹംരിയ പച്ചക്കറി പഴം മാർക്കറ്റിൽ നിന്ന് കാൽ നടയായി ഹയാത് റീജൻസി ഇടം തിരിഞ്ഞാൽ ഭൂമിയിലെ ഏറ്റവും സന്തോഷകരമായ ഈ സ്ഥലത്തെത്തും. ചത്വരത്തിലെ ഉദ്യാനത്തിൽ സൊറ പറഞ്ഞിരിക്കാം. അൽപം മാറി സങ്കട ബെഞ്ചിൽ ആരോടെങ്കിലും കദനങ്ങളിറക്കാം. ചില്ലറ നാണയത്തുട്ടുകൾ ഉണ്ടെങ്കിൽ രാത്രി ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്ന് കോഴിച്ചുക്കയും പൊറോട്ടയും കഴിക്കാം. വാരാന്ത്യങ്ങളിൽ പഴയ കളിക്കൂട്ടുകാരെ യാദൃച്ഛികമായി കണ്ടെത്താം. നാടിന്റെ, ഉറ്റവരുടെ ദുഃഖത്തെ സഹായം നൽകി കഴുകിക്കളയാം. ഹോട്ടലുകളിലെ മലയാളി സദസുകളിൽ കാത് കൂർപ്പിക്കാം. ശരിക്കും അത് മറ്റൊരു ലോകമായിരുന്നു.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് പോലും ദേരയെ പ്രയാസപ്പെടുത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ കടകൾ മുതൽ ലസി ഷോപ്പുകൾ വരെ പുതുമയെ പുണർന്നുകൊണ്ടേയിരുന്നു. കൊറോണ പിടിച്ചുലക്കുന്നതു വരെ. രണ്ടാഴ്ച ഇവിടെ കനത്ത അണുനശീകരണമാണ്. പകലുകളിലും തെരുവുകൾ വിജനം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. അവധിക്ക് നാട്ടിലേക്ക് പോകുന്നവർ കളിപ്പാട്ടങ്ങളും കുങ്കുമപ്പൂവും ബദാമും പർദ കാർട്ടനുകളും വാങ്ങിയിരുന്ന മുർശിദ് ബസാറിലെ ഗല്ലികളിൽ നിന്ന് ഊദിന്റെ സുഗന്ധപ്പുക ഉയരുന്നില്ല. പള്ളിച്ചോറുകൾ വിസ്മയിപ്പിക്കുന്നില്ല. ലോകത്തെ എല്ലാ ബസാറുകളും ഇങ്ങനെ അടഞ്ഞുകിടക്കുന്നുണ്ടാവാം. മുംബൈയിലെ ഡോങ്ഗ്രി, കൊച്ചിയിലെ മട്ടാഞ്ചേരി ഒക്കെ നിശബ്ദമായിരിക്കാം. എന്നാൽ ദുബൈയുടെ ഈ പഴയ നഗരപ്രാന്തം അനേക ലക്ഷം മലയാളികൾക്ക്, യു എ ഇ വിട്ട് നാട്ടിൽ ഒതുങ്ങിക്കൂടിയവർക്കും, കുറച്ചു ദിവസത്തേക്കെങ്കിലും ഇന്ന് വലിയ ദുഃഖം പകരും. ഒരിക്കലും ഉറങ്ങാതിരുന്ന ഒരു സ്വപ്‌നനഗരിയായിരുന്നു. ദുബൈ ഡൌൺ ടൗൺ, മറീന എന്നിങ്ങനെ നിരവധി ഉപ നഗരങ്ങൾ ഉടലെടുത്തിട്ടും അൽ റാസ് വലിയ പ്രലോഭനമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ അൽ റാസ് പുനർജനിക്കും, നാസർ സ്‌ക്വയർ പിന്നെയും സ്വപ്‌നാടകരെ മാടിവിളിക്കും. എല്ലാം തിരിച്ചുവരും. വരാതിരിക്കില്ല.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest