Connect with us

Covid19

കാസര്‍കോട് അതിര്‍ത്തി തുറക്കില്ല; ഹൈക്കോടതിയിലും നിലപാടിലുറച്ച് കര്‍ണാടക

Published

|

Last Updated

കൊച്ചി | ഹൈക്കോടതിയിലും മുന്‍ നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കായി കാസര്‍കോട് അതിര്‍ത്തി തുറന്നുനല്‍കുണമെന്ന ആവശ്യം കര്‍ണാടക വീണ്ടും തള്ളി. കാസര്‍കോട് അതിര്‍ത്തി ഇപ്പോള്‍ തുറക്കാനാവില്ലെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. കര്‍ണാടക അതിര്‍ത്തികള്‍ അടച്ചതിന് എതിരെ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലെ വാദത്തിനിടെ കര്‍ണാടകയോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്‍കിയ മറുപടിയിലാണ് കര്‍ണാടക നിലപാട് ആവര്‍ത്തിച്ചത്.

രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുവാനാണ് അതിര്‍ത്തി അടച്ചതെന്നും അതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നും കര്‍ണാടക വ്യക്തമാക്കി. മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളും അടച്ചിട്ടുണ്ടെന്നും അഡ്വ. ജനറല്‍ ബോധിപ്പിച്ചു.

കൊറോണ ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്രായോഗികമല്ല എന്ന വാദവും കര്‍ണാടക മുന്നോട്ടുവെച്ചു. മംഗലാപുരത്തേക്ക് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമാണെന്ന് കര്‍ണാടക വ്യക്തമാക്കി.

രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും അതിര്‍ത്തി തുറന്നുനല്‍കാത്തതിനാല്‍ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സക്ക് ആശയിക്കുന്നത് കര്‍ണാടകത്തെയാണെന്നും തുടര്‍ചികിത്സ വേണ്ടവരായ നിരവധി രോഗികള്‍ ജില്ലയിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മംഗലാപുരത്തെ ആശുപത്രികള്‍ നല്‍കിയ കത്ത് സത്യവാങ്മൂലത്തോടൊപ്പം കേരളം സമര്‍പ്പിച്ചു.

---- facebook comment plugin here -----

Latest