Connect with us

Kerala

സൗജന്യ റേഷന്‍ നാളെ മുതല്‍; വിതരണം കാര്‍ഡിന്റെ അവസാന അക്ക നമ്പര്‍ അനുസരിച്ച്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 കിലോ സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ച വരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും, ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ നല്‍കും. റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമെ ഉണ്ടാകാവൂ. ശാരീരിക അകലം കൃത്യമായി പാലിക്കണം. ഇതിനായി ടോക്കന്‍ വ്യവസ്ഥ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന ആളുകളെ പ്ലോത്സാഹിപ്പിക്കാന്‍ പറ്റില്ല. രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം മാത്രമെ വ്യാപരികള്‍ സ്വീകരിക്കാവൂ. നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാനാകും. അതിന് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകള്‍ ഉറപ്പ് വരുത്തണം.

ഈ മാസം റേഷന്‍ വിതരണം കൂടുതല്‍ അളവിലാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും നിലവിലുണ്ട്. വാങ്ങാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം ക്രമികരണം വരുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ വേണം. സാധാരണ റേഷന്‍ കടകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അവരുടെ ശ്രദ്ധ പതിയണം. സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗങ്ങള്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ധാന്യം എത്തിക്കുന്നതിനാണ്. ശാരീരിക അവശത ഉള്ളവര്‍, അസുഖം ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍, പ്രായമായവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങയിവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ റേഷന്‍ എത്തിക്കണം. ഇത് തികഞ്ഞ സത്യസന്തതയോടെയും സുതാര്യതയോടെയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം ഉറപ്പാക്കാനും ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്. പെന്‍ഷന്‍ വിതരണത്തില്‍ ബാങ്കുകള്‍ ചെയ്ത പോലെ കാര്‍ഡ് നമ്പര്‍ വെച്ചണ് വിതരണം ക്രമീകരിക്കുക. ഒന്നാം തിയതി 0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും ഏപ്രില്‍ രണ്ടിന് 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മൂന്നിന് 4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ നാലിന് 6,7 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് 8,9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ വിതരണം. ചെയ്യും. ഇതുവഴി അഞ്ച് ദിവസത്തിനകം എല്ലാവര്‍ക്കും റേഷന്‍ വാങ്ങാനാകും. നിശ്ചിത ദിവസം വാങ്ങാത്തവര്‍ക്ക് പിന്നീട് നല്‍കും.

---- facebook comment plugin here -----

Latest