Connect with us

Covid19

കോഴിക്കോട് 20,135 പേരും മലപ്പുറത്ത് 12099 പേരും നിരീക്ഷണത്തില്‍

Published

|

Last Updated

കോഴിക്കോട് /മലപ്പുറം | കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 20,135 പേരെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്19 ട്രാക്കര്‍ വെബ് പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് പുതുതായി വന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 22 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് മൂന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 246 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 240 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. 231 എണ്ണം നെഗറ്റീവാണ്. ആകെ 9 പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളും മൂന്ന് ഇതര ജില്ലാക്കാരുമാണ്. ഇനി 6 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ 474 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,099 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കൊവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 105 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 89 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ട്, തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 11,971 പേര്‍ വീടുകളിലും 23 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

അതേസമയം, ജില്ലയില്‍ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളില്‍ 457 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 122 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Latest