Connect with us

Kerala

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ്; 18 പേര്‍ വിദേശത്തുനിന്നും എത്തിയവർ

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ സി യുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിൽ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
201 ലോക രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.