സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒമ്പത് പേര്‍ കണ്ണൂരില്‍

Posted on: March 26, 2020 6:08 pm | Last updated: March 27, 2020 at 7:53 am

തിരുവനന്തപുരം |  കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഒമ്പത് കണ്ണൂരിലും കാസര്‍കോട്, മലപ്പുറം മൂന്ന് പേര്‍ വീതവും തൃശൂരില്‍ രണ്ടും ഇടുക്കിയിലും വയനാട്ടിലും ഓരോന്നുമാണ് സ്ഥിരീകരിച്ചത്. വയനാട്ടില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138 ആയി.120003 പേര്‍ നിരീക്ഷണത്തില്‍ ഇതില്‍ 601 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രത്തകിന്റെ കോവിഡ് പാക്കേജിനെ സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ പാക്കേജിനെ കേരളത്തില്‍ ശരിയായ രൂപത്തില്‍ ഉപയോഗിക്കാമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെയുള്ള സൗകര്യങ്ങളും കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.