Connect with us

Covid19

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍വന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. പൊതുസ്ഥലത്തും അരാധനാലയങ്ങളിലും സംഘടിക്കുന്നത് അടക്കമുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു വിട്ടുവീഴ്ചയും നല്‍കാതെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം, ഇത് സംബന്ധിച്ച് ഐ ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം അവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവിന് അനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പോലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.
കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ് പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.
കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍, പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം, കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയക്രമം ബാധകമായിരിക്കില്ല.