Connect with us

Covid19

വേണ്ടിവന്നത് ഒരാഴ്ച മാത്രം; ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭീകരമായി പടര്‍ന്ന് കൊവിഡ്

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് വൈറസ് അതിവേഗത്തില്‍ പടരുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷം. നിശ്ചലാവസ്ഥയിലാണ് നഗരം. കഴിഞ്ഞ ദിവസത്തെ
റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8,377 ആണ്. തുടക്കത്തില്‍ 183 ആയിരുന്ന കേസുകള്‍ ഒറ്റ ദിവസം കൊണ്ടാണ് 5,151ലേക്ക് ഉയര്‍ന്നത്. അമേരിക്കയിലെ മൊത്തം കേസുകളില്‍ മൂന്നിലൊന്നാണിതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കിലെ തന്നെ മൂന്നില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ന്യൂയോര്‍ക്ക് സിറ്റിയിലാണ്.

“എനിക്കിതു പറയേണ്ടി വരുന്നതില്‍ കടുത്ത വിഷമമുണ്ട്. പക്ഷെ സത്യാവസ്ഥ പറയാതിരിക്കാനാകില്ലല്ലോ. നാം പ്രതിസന്ധിയുടെ അങ്ങേയറ്റത്താണുള്ളത്. അത് പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും.”- ബ്ലാസിയോ പറഞ്ഞു. പ്രാദേശികാടിസ്ഥാനത്തില്‍ സുരക്ഷാ കേന്ദ്രങ്ങള്‍ തുറക്കാന്‍ തുടക്കത്തില്‍ മേയര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ജനങ്ങളെ തടവിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് ഇതിനെ സ്റ്റേറ്റ് ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇരു നേതാക്കളും കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ഉത്തരവിട്ടിട്ടുള്ളത്.

ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെ അടിയന്തര സേവന കേന്ദ്രങ്ങളായി മാറ്റാനും ജനങ്ങള്‍ ഒത്തുകൂടുന്നത് നിയന്ത്രിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ ഏപ്രില്‍ ഒന്നുവരെ അടച്ചിടും. ഒരുപടികൂടി കടന്ന്, അവശ്യ സര്‍വീസുകാര്‍ ഒഴികെയുള്ളവര്‍ മാര്‍ച്ച് 22 മുതല്‍ വീടുകളില്‍ തന്നെ കഴിയണമെന്ന ഉത്തരവ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പുറപ്പെടുവിച്ചിട്ടുണ്ട്. തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
പരിശോധനക്കു വരുന്ന കേസുകളുടെ എണ്ണം ഭീമമായ തോതില്‍ ഉയര്‍ന്നിരിക്കുകയാണെന്ന് കുവോമോ പറഞ്ഞു. ഒരു രാത്രി കൊണ്ട് 8,000 പരിശോധനകളാണ് നടത്തേണ്ടി വന്നത്. ഇത് രാജ്യത്തെ സംബന്ധിച്ച് റെക്കോഡാണ്. കേസുകള്‍ ഇനിയും ക്രമാതീതമായി ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

അതിനിടെ, അസുഖ ബാധിതരുടെ എണ്ണം ഭീമമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്ര നാളത്തേക്കുണ്ടാകുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. കിടക്കകളും ജീവനക്കാരും കൂടുതലായി ആവശ്യം വരും. സുരക്ഷാ ഉപാധികളായ മാസ്‌ക്, ഗൗണ്‍, ഗ്ലൗസ് തുടങ്ങിയവ കൂടുതലായി ലഭ്യമാക്കാന്‍ കമ്പനികളോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.