Connect with us

Covid19

കൊവിഡ് 19 : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം  |സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക്കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 5, കാസര്‍കോട് 5, കോഴിക്കോട് 2 ,എറണാകുളം 2, മലപ്പുറം 2 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് രോഗബാധിതരായി ഇതുവരെ ചികിത്സയിലുള്ളത് 64 പേരാണ്. 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 58,981 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കാസര്‍കോട് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ല പൂര്‍ണമായും അടച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു

കണ്ണൂരില്‍ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും കുഞ്ഞിമംഗലം, ചപ്പാരപ്പടവ് സ്വദേശികള്‍ പരിയാരത്തും ചികിത്സയില്‍ കഴിയുകയാണ്. ഇവരെല്ലാം ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്.

കാസര്‍കോട് ജില്ലയിലെ കൊവിഡ് ബാധിതര്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവര്‍ അഞ്ചുപേരും ദുബൈയില്‍ നിന്ന് വന്നവരാണ്.

എറണാകുളം ജില്ലക്കാരായ രണ്ടു പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയതാണ്.

കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കാണ്. ഒരാള്‍ ബീച്ച് ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയില്‍ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇരുവരെയും വിമാനത്താവളത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും മറ്റേയാള്‍ നെടുമ്പാശേരി വിമാനത്താവളം വഴിയും വന്നതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരും ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest