Connect with us

Covid19

ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു

Published

|

Last Updated

അബൂദബി | ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ അനുവദിച്ച 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ അബൂദബി ഗതാഗത വകുപ്പ് തീരുമാനിച്ചു. ജൂണ്‍ 22 മുമ്പ് പിഴ അടക്കുന്നവര്‍ക്ക് എല്ലാ ബ്ലാക്ക് പോയിന്റുകളും വാഹനം കണ്ടുകെട്ടലും റദ്ദാക്കപ്പെടും. ഗതാഗത വകുപ്പിന്റെ പ്രഖ്യാപനം മുതലെടുക്കാനും ഇക്കാലയളവിനുള്ളില്‍ ട്രാഫിക് പിഴ അടയ്ക്കുന്നത് ഉറപ്പാക്കാനും അബൂദബി പോലീസ് എല്ലാ ഡ്രൈവര്‍മാരോടും ആവശ്യപ്പെട്ടു.

ഫസ്റ്റ് ബേങ്ക് അബൂദബി, അബൂദബി കൊമേഴ്സ്യല്‍ ബേങ്ക്, മശ്രിക്ക് ബേങ്ക്, അബൂദബി ഇസ്ലാമിക് ബേങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബേങ്ക് എന്നിവിടങ്ങളിലെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒരു വര്‍ഷ കാലയളവില്‍ പലിശ രഹിതമായി തവണകളിലൂടെ പിഴ അടയ്ക്കാമെന്ന് പോലീസ് അറിയിച്ചു. അപകടകരമായ നിയമ ലംഘനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. 2019 ഡിസംബറിലാണ് ഗതാഗത വകുപ്പ് ആദ്യമായി ഇളവ് പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ 22 മുമ്പ് പിഴ അടച്ചവര്‍ക്ക് 50 ഇളവിന് പുറമെ ബ്ലാക്ക് പോയിന്റും വണ്ടി കണ്ടുകെട്ടുന്നതും ഒഴിവാക്കിയിരുന്നു. 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചവര്‍ക്ക് 35 ശതമാനവും 60 ദിവസത്തിന് ശേഷം പിഴ അടച്ചവര്‍ക്ക് 25 ശതമാനവും കിഴിവുകള്‍ അനുവദിച്ചിരുന്നു. മാര്‍ച്ച് 22 ന് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഗതാഗത പിഴ ഇളവ് 2020 ജൂണ്‍ 22 വരെ തുടരുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.