Connect with us

Covid19

കൊവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ക്ക് പകരം ഇനി മുതല്‍ പോലീസ് ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. നമ്മള്‍ക്ക് രോഗം വരില്ലെന്നാണ് ഇവരുടെ നിലപാട്. നാടിന്റെ നല്ലതിനായി ഏത് നടപടിയും എടുക്കും. ഇനിയും നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.

സര്‍ക്കാര്‍ കടുത്ത മുന്നറിയിപ്പ് നല്‍കുന്നതിനിടെയിലും ഒരു വിഭാഗം മാത്രം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. കാസര്‍കോട് നിരുത്തരവാദത്തിന്റെ ഉദാഹരമാണ്. മത വിഭാഗങ്ങള്‍ പൊതുവെ സര്‍ക്കാര്‍ നിലപാടിനോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. എന്നാല്‍ ചില ആരാധനലയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പ് നടത്തിയിട്ടും ജനങ്ങള്‍ എതത്തുന്നു. ഇനി മുതല്‍ ഇത്തരം ആളുകളെ പിന്തിരിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ആരാധനാലയങ്ങള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.

കാസര്‍കോട്ടെ ഒരു രോഗിയുടെ നീക്കങ്ങള്‍ ദുരൂഹമാണ്. അന്വേഷണം നടക്കുന്നു. ഇയാള്‍ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇത്തരക്കാരോട് നിലപാട് കടുപ്പിക്കുകയല്ലാതെ മാര്‍ഗമില്ല. ഇത്തരത്തില്‍ വിപത്തുകള്‍ വരുത്തുന്നുവരെ മാധ്യമങ്ങള്‍ ന്യായീകരിക്കരുത്. ദീര്‍ഘദൂര ട്രെയ്ന്‍, ബസ് യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. വിദേശത്ത് നിന്ന് വരുന്നവര്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് പോകണം. സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ലാബുകളുടെ സേവനം ലഭ്യമാക്കും. അതിര്‍ത്തി സംസ്ഥാനനങ്ങളില്‍ ചരക്ക് ഗതാഗതം തയുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാറുകളെ അറിയിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ തടയുന്ന നടപടിയുണ്ടാകില്ലെന്ന് ഇരു സംസ്ഥാനങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വ്യാപാരി, വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബേങ്കുകളുടെ സമയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ എ ടി എമ്മുകളില്‍ പണം ഉറപ്പുവരുത്താനും ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ജനത കര്‍ഫ്യൂ ദിവസം വീടുകളില്‍ ശുചീകരണം നടത്തണം. ക്വലാലംപൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ആളുകള്‍ പങ്കെടുത്ത് ഹാര്‍ബറുകളില്‍ നടത്തുന്ന മത്സ്യ ലേലം നിര്‍ത്തി. ഒരു ശരാശരി വില നിശ്ചയിച്ച് മത്സ്യം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട് ആറ്, എറണാകുളം മൂന്ന്, കണ്ണൂര്‍ മൂന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്്. ഇവരെല്ലാം ഗല്‍ഫില്‍ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് 70 പേരാണ്. 53013 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 228 പേര്‍ ആശുപത്രികളിലാണ്. 2556 പേര്‍ രോഗം ഭേദമായതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest