Connect with us

National

പൗരത്വ നിയമം: കാന്തപുരം പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി സി എ എ, എൻ ആർ സി, എൻ പി ആർ വിഷയത്തിൽ കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും ഓഫീസിലാണ് കൂടിക്കാഴ്ചകൾ നടന്നത്. പൗരത്വനിയമവുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന ജനങ്ങളുടെ ആശങ്കകൾ അദ്ദേഹം അറിയിച്ചു.

പൗരത്വ വിഷയത്തിൽ രാജ്യത്ത് മുസ്‌ലിംകൾക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കുന്ന വിധത്തിലുള്ള തീരുമാനം സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണെമന്നും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിച്ച നിവേദനങ്ങളിൽ കാന്തപുരം ആവശ്യപ്പെട്ടു. ഡൽഹിയിലെ വംശഹത്യ രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തെ മാരകമായി മുറിവേൽപ്പിച്ച സംഭവമാണ് എന്നും, അത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ സർക്കാർ ബദ്ധശ്രദ്ധ ചെലുത്തണമെന്നും കാന്തപുരം പറഞ്ഞു.

മതം, ജാതി, വർണ്ണം, ദേശം, ഭാഷ എന്നിവയുടെ വേർത്തിരിവുകളില്ലാതെ സമത്വം വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ അടിസ്ഥാനപരമായ ഈ നിർദേശം പരിപാലിക്കുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണം, എൻ.ആർ.സി, എൻ പി ആർ വിവരശേഖരണം ജനങ്ങളിൽ വലിയ തോതിൽ ആശങ്കയുണ്ടാക്കുന്നു. അങ്ങനെ ജനങ്ങൾ ഭയത്തിലാവുന്നത് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ മുറിപ്പെടുത്തും. സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാർ, ഇലക്ഷൻ കാർഡ്, റേഷൻ കാർഡ് പോലുള്ള ഔദ്യോഗിക സ്വഭാവമുള്ള രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുന്നവരെ പൗരരായി ഗണിക്കണമെന്നും നിലവിൽ ആവശ്യപ്പെടുന്ന രേഖകൾ രാജ്യത്തെ അനേകായിരങ്ങളെ പൗരന്മാരല്ലാതാക്കി മാറ്റുമെന്നും അദ്ദേഹം നിവേദനത്തിൽ അറിയിച്ചു.

ഗ്രാൻഡ് മുഫ്തിയുടെ നിർദേശങ്ങളെ പരിഗണിക്കുമെന്നും, രേഖാമൂലം തന്നെ പൗരത്വ വിഷയത്തിൽ കൃത്യത വരുത്തിയുള്ള മറുപടി ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

സമസ്ത മുശാവറ അംഗം അഡ്വ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.