Connect with us

Covid19

സഊദിയില്‍ കൊവിഡ്-19 നേരിടാന്‍ 120 ബില്യന്റെ പാക്കേജ്; ലെവിയില്ലാതെ ഇഖാമ കാലാവധി നീട്ടി നല്‍കും

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 വൈറസ് മൂലമുണ്ടായ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനായി 120 ബില്യണ്‍ റിയാലിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ധനകാര്യമന്ത്രി, ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദാനാണ് പദ്ധതി പ്രഖ്യാപിച്ചത്. പുതിയ പാക്കേജില്‍ പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായ നടപടികളുണ്ട്. സ്വകാര്യ, ചെറുകിട മേഖലകളിലെ സംരംഭങ്ങള്‍ക്ക് നേരിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.

ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ഇവയാണ്. 2020 ജൂണ്‍ 30 വരെ ഇഖാമ കാലാവധിയുള്ളവര്‍ക്ക് ലെവിയില്ലാതെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിനല്‍കും. പുതിയ തൊഴില്‍ വിസക്കായി പണമടച്ച ശേഷം വിസ സ്റ്റാമ്പിംഗ് പൂര്‍ത്തിയാകാതെ കാത്തിരിക്കുന്നവര്‍ക്ക് അടച്ച പണം തിരികെ നല്‍കുകയോ വിസ സ്റ്റാമ്പിംഗ് കാലാവധി മൂന്നുമാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കുകയോ ചെയ്യും. വിസാ സ്റ്റാമ്പിംഗ് പൂര്‍ത്തിയായവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. റീ എന്‍ട്രി വിസ അടിച്ച ശേഷം സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് റീ എന്‍ട്രി കാലാവധി മൂന്നു മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഫീസുകള്‍ ഈടാക്കുന്നതല്ല.

മൂല്യവര്‍ധിത നികുതി, എക്‌സൈസ് നികുതി, ആദായ നികുതി, സകാത്ത് എന്നിവ അടയ്ക്കാന്‍ മൂന്നു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അഡ്വാന്‍സ് വ്യവസ്ഥകള്‍ ബാധകമാക്കാതെ പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് നിയന്ത്രണങ്ങളില്ലാതെ സകാത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. സകാത്ത്, മൂല്യവര്‍ധിത നികുതി എന്നിവ തവണകളായി സ്വീകരിക്കും. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് തീരുവ 30 ദിവസത്തേക്ക് ഈടാക്കില്ല. സ്വകാര്യ മേഖലയില്‍ നിന്നും അടയ്‌ക്കേണ്ട സര്‍ക്കാര്‍ സേവന ഫീസുകളും മുന്‍സിപ്പല്‍ ഫീസുകളും അടയ്ക്കുന്നതിന് മൂന്നുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Latest