Connect with us

Covid19

12 പേര്‍ക്ക് കൂടി കൊവിഡ്; ഗൗരവതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ അഭ്യര്‍ഥന മാത്രമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും ആപത്തുകളുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ദോഷമുണ്ടാക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ അഞ്ചെണ്ണം എറണാകുളത്തും ആറെണ്ണം കാസര്‍കോട്ടും ഒന്ന് പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേര്‍ നിരീക്ഷണത്തിലാണ്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 33346 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2393 രോഗബാധയില്ലെന്ന് വ്യക്തമായി.

ഇന്ന് മാത്രം 12 കൊവിഡ് കേസുകള്‍ കണ്ടെത്തിയത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് ഫ്‌ളൈറ്റില്‍ നിന്ന് തിരിച്ചിറക്കിയ വിദേശ ടൂറിസ്റ്റുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കാസര്‍കോട്ടെ സ്ഥിതി വിചിത്രമാണ്. കൊവിഡ് ബാധിച്ചയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങി അവിടെ താമസിച്ചു. പിറ്റേ ദിവസം കോഴിക്കോട്ടെത്തി. കാസര്‍കോട്ട് പൊതു പരിപാടി, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ക്ലബ് പരിപാടി തുടങ്ങിയവയില്‍ പങ്കെടുത്തു. ഇതിനു പുറമെ പുറത്തു നിന്നാളുകളെ ക്ഷണിച്ച് വീട്ടില്‍ ചടങ്ങും സംഘടിപ്പിച്ചു. ഒട്ടേറെ ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോട്ട് പ്രത്യേക കരുതല്‍ നടപടികള്‍ ആവശ്യമായി വരും.

ജാഗ്രത വേണമെന്ന അഭ്യര്‍ഥന ചിലര്‍ ലംഘിക്കുന്നുവെന്നത് വിഷമകരമായ സാഹചര്യമാണ്. നിലവിലെ സ്ഥിതി കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലാകെ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകളെല്ലാം അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങളും ക്ലബുകളും അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടി വരുന്നത്. ഇത് ഉത്തരവായി ഇറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് എം എല്‍ എമാരും
നിരീക്ഷണത്തിലാണ്. ഇവരിലൊരാള്‍ കാസര്‍കോട്ട് കൊവിഡ് കണ്ടെത്തിയയാള്‍ക്ക് ഹസ്തദാനം ചെയ്തു. മറ്റെയാള്‍ കെട്ടിപ്പിടിക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ ഇപ്പോഴും പലരും പാലിക്കാത്തത് വിഷമകരമായ സാഹചര്യമാണ്. പള്ളിയിലെ വെള്ളിയാഴ്ച ജുമുഅയുടെ കാര്യത്തില്‍ ഭൂരിഭാഗം ഭാഗങ്ങളിലും നന്നായി സഹകരിച്ചു. എന്നാല്‍, ചില കേന്ദ്രങ്ങളില്‍ സാധാരണ നിലക്ക് നടന്നിട്ടുണ്ട്. കൊവിഡ് ബാധയുള്ള ആരെങ്കിലുമൊരാള്‍ എത്തിപ്പെട്ടാന്‍ എല്ലാവര്‍ക്കും വിഷമമാകും എന്നതാണ് ഇതിന്റെ പ്രശ്‌നം. വിവിധ ആഘോഷ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും ഒഴിവാക്കമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പ്രധാന മന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം, കേന്ദ്രം അതീവ ഗൗരവതരമായാണ് നിലവിലെ സ്ഥിതിഗതികളെ കണ്ടിട്ടുള്ളതെന്നതിന് തെളിവാണ്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാറും സഹകരിക്കുകയാണ്. ഞായറാഴ്ച മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് നടത്തില്ല. അന്നേ ദിവസം പുറത്തുപോകാതെ വീട് ശുചീകരിക്കാന്‍ നാം തയാറാകണം.

സംസ്ഥാനത്താകെ പരീക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ച്ചത്തേക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം വീതം ജീവനക്കാര്‍ ജോലിക്ക് ഹാജരായാല്‍ മതി. 50 ശതമാനം ഇ ഓഫീസ് വഴി വീട്ടിലിരുന്ന് ജോലി ചെയ്യണം. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. ശനിയാഴ്ച ഒഴിവായിരിക്കും. നിയന്ത്രണങ്ങള്‍ അത്യാവശ്യ സര്‍വീസിന് ബാധകമല്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണം. ഓഫീസ് മേധാവി കാര്യങ്ങള്‍ ക്രമീകരിക്കണം. എതെങ്കിലും ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി 14 ദിവസത്തെ സെപ്ഷ്യല്‍ കാഷ്യല്‍ ലീവെടുക്കാം.

പ്രധാന മന്ത്രി ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നുവെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest