Connect with us

Gulf

സഊദിയില്‍ ശനിയാഴ്ച മുതല്‍ പൊതു ഗതാഗതം നിര്‍ത്തിവെക്കും

Published

|

Last Updated

ദമാം | കൊവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ 2020 മാര്‍ച്ച് 21 ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്ക് ആഭ്യന്തര വിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍ എന്നിവയുടെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെക്കും. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടിയന്തര മെഡിക്കല്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. കാര്‍ഗോ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു-സ്വകാര്യ ആരോഗ്യ ജീവനക്കാരുടെയും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ യാത്രാ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദമാം -റിയാദ്, റിയാദ്-അല്‍ജൗഫ്, ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കും. വാണിജ്യ ഗതാഗത ട്രെയിനുകള്‍, ദമാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തു നിന്നും റിയാദിലേക്കുള്ള ചരക്ക് ട്രെയിന്‍, സഊദി റെയില്‍വേ കമ്പനിയായ “സാര്‍” ന്റെ മൈനിംഗ് ട്രെയിന്‍ എന്നിവ പതിവു പോലെ സര്‍വീസ് നടത്തും.

ജിസാനും അല്‍ഫുര്‍സാന്‍ ദ്വീപിനുമിടയിലുള്ള ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെക്കില്ല. യാത്രക്കാരുടെ എണ്ണം ഒരു സര്‍വീസില്‍ 100 ആയി കുറച്ചിട്ടുണ്ട്. ദ്വീപിലെ ജീവനക്കാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിനോദ സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകള്‍ക്ക് സഊദിയില്‍ നിയന്ത്രണമില്ല. അണുബാധ പകരുന്നത് തടയുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യം, ചരക്ക് സേവനങ്ങള്‍, ഭക്ഷണം, ഊര്‍ജം, ജലം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗതാഗ സംവിധാധങ്ങളെ താത്ക്കാലിക ഗതാഗത വിലക്ക് ബാധിക്കില്ലെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഇതുവരെ 274 കൊവിഡ് 19 കേസുകളാണ് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കൂടുതല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ശക്തമായ ആരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവ് ലഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest