Connect with us

Gulf

കൊവിഡ് 19, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഞായറാഴ്ച മുതല്‍ പരിഷ്‌ക്കാരം

Published

|

Last Updated

അബുദാബി | കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ സേവനങ്ങള്‍ പരിഷ്‌കരിക്കും. ഞായറാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചകാലത്തേക്കാണ് പരിഷ്‌ക്കാരം . ബി എല്‍ എസില്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും ജൂണ്‍ 30ന് കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുമുള്ളവര്‍ക്ക് മാത്രം സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. വ്യക്തിപരമായ വിവരങ്ങളില്‍ മാറ്റം വരുത്തേണ്ട സേവനങ്ങളാവശ്യമുള്ള ജൂണ്‍ 30ന് കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ബന്ധപ്പെടാം. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഇക്കലായളവില്‍ സേവനം നല്‍കില്ല. പാസ്‌പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള മറ്റ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല.

ചെറിയ കുട്ടികള്‍ക്കൊഴികെ അപേക്ഷകന്റെ പകരക്കാരന് ബി എല്‍ എസില്‍ പ്രവേശനമുണ്ടായിരിക്കില്ല. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, റുവൈസിലെ അഡ്‌നോക് ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളില്‍ നല്‍കിവരുന്ന അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇതിനോടകം നിര്‍ത്തലാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്ന അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ അത്യാവശ്യമുള്ളവര്‍ക്ക് അബുദാബിയിലുള്ള ഐ വി എസ് സേവനകേന്ദ്രവുമായി ബന്ധപ്പെടാം. ഇതും നിയന്ത്രിതമായിരിക്കും. ലേബര്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് എംബസിയില്‍ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കി fsca.abudhabi@mea.gov.in, ca.abudhabi@mea.gov.in and help.abudhabi@mea.gov.in എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടണം. ഏറെ അത്യാവശ്യമുള്ളവര്‍ക്ക് എംബസിയില്‍ നിബന്ധനകളോടെ പ്രവേശനം ലഭ്യമാണ്. മരണം, ജനനം, അപകടം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ളയാള്‍ തന്നെ സ്ഥാനപതി കാര്യാലയത്തില്‍ എത്തണം. വിവാഹ രജിസ്‌ട്രേഷന് വരന്‍, വധു, മൂന്ന് സാക്ഷികള്‍ എന്നിവരടക്കം പരമാവധി അഞ്ചുപേരെ അനുവദിക്കും. മരണ രജിസ്‌ട്രേഷന് രണ്ടിലധികം ആളുകളെ സ്ഥാനപതി കാര്യാലയത്തില്‍ പ്രവേശിപ്പിക്കില്ല. ചുമ, കഫക്കെട്ട്, ജലദോഷം, പനി എന്നിവയുള്ളവര്‍ക്ക് സ്ഥാനപതി കാര്യാലയത്തില്‍ പ്രവേശനം അനുവദിക്കില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest