Connect with us

Covid19

കൊവിഡ് 19: സാമൂഹിക പകര്‍ച്ചക്കുള്ള സാധ്യതയില്ലെന്ന്; ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയുമായി ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19ഉമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. രാജ്യത്ത് വൈറസിന്റെ മൂന്നാം ഘട്ടമായ സാമൂഹികമായ പകര്‍ച്ചക്കുള്ള സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ (ഐ സി എം ആര്‍) വിലയിരുത്തല്‍. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ശേഖരിച്ച റാന്‍ഡം സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ഐ സി എം ആര്‍ ഈ നിഗമനത്തിലെത്തിയത്. പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

166 കൊവിഡ് 19 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു വ്യക്തി കൊവിഡ് പോസിറ്റീവാകുകയും എന്നാല്‍ അതിന്റെ ഉറവിടം കണ്ടെത്താന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കഴിയാതെ വരികയും ചെയ്യുന്നതോടെയാണ് വൈറസ് അതിന്റെ മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് കടക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ അസുഖം ബാധിച്ചതറിയാതെ സമൂഹത്തില്‍ ഇടപഴകുന്നതോടെയാണ് വൈറസ് വ്യാപിക്കുന്നത്.

ന്യൂമോണിയ ഉള്‍പ്പെടെ കഠിനമായ ശ്വാസകോശ അണുബാധ (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം-എസ് എ ആര്‍ ഐ) ബാധിച്ചവരുടെ സാമ്പിളുകള്‍ ഐ സി യുവില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ഐ സി എം ആര്‍ പരിശോധന നടത്തിയത്. അടുത്തൊന്നും യാത്രകള്‍ നടത്തിയിട്ടില്ലാത്തതും കൊവിഡ് പോസിറ്റീവായ ആരുമായും സമ്പര്‍ക്കത്തില്‍ വരാത്തതുമായ ആളുകളുടെതാണ് പരിശോധനക്കെടുത്ത സാമ്പിളുകള്‍. മാര്‍ച്ച് 15നു ശേഷമെടുത്ത 10,000 സാമ്പിളുകള്‍ ഭൂരിഭാഗവും കൊവിഡ് നെഗറ്റീവാണെന്ന് ഭാര്‍ഗവ പറഞ്ഞു. ഇതിന്റെ കൃത്യമായ പട്ടിക ഐ സി എം ആര്‍ ഉടന്‍ പുറത്തുവിടും.

എന്നാല്‍, ചില വിദഗ്ധര്‍ ഐ സി എം ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുന്നു. വളരെ കുറച്ചു സാമ്പിളുകള്‍ മാത്രം ശേഖരിച്ചാണ് ഐ സി എം ആറിന്റെ വിലയിരുത്തലെന്നും ഇന്ത്യയില്‍ മൂന്നാഴ്ച മുമ്പു മാത്രമാണ് സാമൂഹിക രോഗപ്പകര്‍ച്ചയുണ്ടായിട്ടുള്ളതെന്നുമാണ് ഇവര്‍ പറയുന്നത്. നാലു ഘട്ടങ്ങളാണ് കൊവിഡ് 19നുള്ളത്. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് രോഗം പിടിപെടുന്നതാണ് ഒന്നാം ഘട്ടം. അങ്ങനെ പകര്‍ന്നു കിട്ടുന്നവരില്‍ നിന്ന് അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നതാണ് രണ്ടാമത്തെത്. ഇറാന്‍, കൊറിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സംഭവിച്ചതു പോലെ സാമൂഹിക വ്യാപനം നടക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. നാലാം ഘട്ടത്തില്‍ ചൈനയിലെതു പോലെ മഹാമാരിയായി ഇതു മാറും.

Latest