സിബിഎസ്ഇ, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റി വെക്കണമെന്ന് കേന്ദ്രം

Posted on: March 18, 2020 10:33 pm | Last updated: March 18, 2020 at 10:41 pm

ന്യൂഡല്‍ഹി | കൊവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സിബിഎസ്ഇ ബോര്‍ഡ്, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടന്നുവരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. പരീക്ഷകള്‍ മാര്‍ച്ച് 31 ന് ശേഷം പുനക്രമീകരിക്കുമെന്ന് വിവിധ വിദ്യാഭ്യാസ അധികാരികളുമായുള്ള ആശയവിനിമയത്തില്‍ എച്ച്ആര്‍ഡി മന്ത്രാലയം അറിയിച്ചു. എല്ലാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും മാറ്റിവെക്കാന്‍ നിര്‍ദേശമുണ്ട്. ഇവ മാര്‍ച്ച് 31 ന് ശേഷം വീണ്ടും ഷെഡ്യൂള്‍ ചെയ്യും.

യൂണിവേഴ്സിറ്റി പരീക്ഷ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ-മെയിൻസ് (ജെഇഇ-മെയിൻസ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ ലേണിംഗ് (നിയോസ്) എന്നിവയുൾപ്പെടെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷം മാര്‍ച്ച് 31 ന് പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19 മുതല്‍ 31 വരെ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു.

ഐ.ഇ.ടി പ്രവേശനത്തിനുള്ള സ്‌ക്രീനിംഗും യോഗ്യതാ പരീക്ഷയും ആയി നടക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഏപ്രിലിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.