Covid19
കൊവിഡ്-19; സഊദിയിലെ സ്വകാര്യ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
 
		
      																					
              
              
            ദമാം | കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സഊദിയിലെ സ്വകാര്യ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ തത്ക്കാലം വീടുകളിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് സഊദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം കുറവ് വരുത്തണമെന്നും വെള്ളം, വൈദ്യതി, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ജോലി സ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കണം. എല്ലാ ദിവസവും ജോലിക്കാരുടെ ശരീരത്തിലെ താപനില അവര്‍ ജോലിക്ക് ഹാജരാവുന്നതിനു മുമ്പ് പരിശോധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍, രോഗപ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, 55 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ ജോലിക്ക് ഹാജരാവേണ്ടതില്ലെന്നും നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


