Connect with us

Articles

കൊറോണയും ഗോമൂത്രവും

Published

|

Last Updated

കൊറോണ (കൊവിഡ് 19) ലോകത്തൊട്ടാകെ ഭയചകിതമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. 120ല്‍പ്പരം രാജ്യങ്ങള്‍ ഈ രോഗത്തിന്റെ പിടിയിലാണ്. ഇത്രയും മാരകമായ ഒരു വൈറസിനെ ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് ലോകം നേരിടേണ്ടി വന്നിരിക്കുന്നത്. മറ്റെല്ലാം മാറ്റിവെച്ച് രോഗപ്രതിരോധ പ്രവര്‍ത്തനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ജനങ്ങളും. നിര്‍ഭാഗ്യവശാല്‍ നാളിതുവരെ കൊറോണ വൈറസിനെ ചെറുക്കാനുള്ള മരുന്ന് കണ്ടെത്താന്‍ ലോകത്തിലെ ഭിഷഗ്വരന്‍മാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ വളരെ ഭയചകിതമായ ഒരു അന്തരീക്ഷം തന്നെയാണ് രോഗം ബാധിച്ച എല്ലാ രാജ്യങ്ങളിലുമുള്ളത്.

അന്ധവിശ്വാസികളും വര്‍ഗീയ പിന്തിരിപ്പന്‍മാരും സമൂഹം വലിയ പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു സംഘമാണ് ഇപ്പോള്‍ കൊറോണ വൈറസിന് പ്രതിവിധി ഗോമൂത്രമാണെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഈ വിചിത്ര വാദവുമായി ഹിന്ദു മഹാസഭയാണ് രംഗത്ത് വന്നിരിക്കുന്നത്. ഗോമാതാവ് വിശുദ്ധയാണെന്നും അതിനാല്‍ ഗോമൂത്രം കുടിച്ചാല്‍ അതിന് കൊവിഡ് 19 നെ തുരത്താന്‍ ശക്തിയുണ്ടെന്നും അവകാശപ്പെട്ട് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ ന്യൂഡല്‍ഹിയില്‍ ഗോമൂത്രം കുടിപ്പിക്കല്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

കൊവിഡിനെ സിംഹത്തിന്റെ തലയുള്ള അവതാരമായി ചിത്രീകരിച്ച് അതിനെ ഗോമൂത്രം കുടിപ്പിക്കുന്നതായിരുന്നു ചടങ്ങ്. രാജ്യതലസ്ഥാനത്തെ ഹിന്ദു മഹാസഭ ഓഫീസില്‍ നടന്ന പരിപാടിയില്‍ 200 പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ മറ്റിടങ്ങളിലും ഗോമൂത്ര ചികിത്സാ പരിപാടി സംഘടിപ്പിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. നമ്മുടെ രാജ്യം ഒരു മതേതര രാഷ്ട്രമാണ്. മതേതരത്വത്തിന് കോട്ടം തട്ടുന്ന ഒന്നിനെയും ഇന്ത്യന്‍ ജനത അംഗീകരിക്കാനും പോകുന്നില്ല. ജാതി-മത-വര്‍ഗീയ ചിന്തകളെല്ലാം വെടിഞ്ഞ് രാജ്യത്തെ ജനങ്ങള്‍ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന്. അതിനിടയില്‍ ബോധപൂര്‍വം മതേതര-ജനകീയ ഐക്യം തകര്‍ക്കുന്നതിനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമായാണ് കൊറോണയെ തടയാന്‍ ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദു മഹാസഭ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.
മെഡിക്കല്‍ സയന്‍സും ശാസ്ത്ര സാങ്കേതിക രംഗവും വളരെയധികം മുന്നോട്ട് പോയിട്ടുണ്ട് ഇപ്പോള്‍. കൊറോണക്കുള്ള പ്രതിവിധി ഈ മെഡിക്കല്‍ സയന്‍സ് ഉടന്‍ തന്നെ കണ്ടെത്തുമെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ കേവല യുക്തിക്ക് പോലും യോജിക്കാത്ത, അടിസ്ഥാനമില്ലാത്ത രോഗപ്രതിരോധ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ ഭരണകക്ഷിയുടെ ഭാഗമായ ഹിന്ദു മഹാസഭ രംഗത്തിറങ്ങിയിരിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. ഗോമാംസം ഭക്ഷിക്കുന്നത് കൊണ്ടാണ് കൊറോണ വ്യാപിച്ചിരിക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദു മഹാസഭ ഈ പ്രചാരണത്തിന്റെ കുന്തമുന ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് തിരിച്ച് വിടുന്നത്. മതസൗഹാര്‍ദം തകര്‍ക്കുക തന്നെയാണ് ആത്യന്തികമായി ഇക്കൂട്ടരുടെ ലക്ഷ്യവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലുള്ള സംഘടനകളെയും അതിന്റെ നേതാക്കളെയും നിയന്ത്രിക്കാന്‍ ഇനിയെങ്കിലും അമാന്തിക്കരുത്.

അഡ്വ. ജി സുഗുണന്‍
advgsugunan@gmail.com

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest