Connect with us

National

തൃണമൂലിന്റെ പത്രിക തള്ളി; ബംഗാളില്‍ നിന്ന് സി പി എം അംഗം രാജ്യസഭയിലേക്ക്

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളില്‍ നാലെണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒന്നില്‍ സി പി എമ്മും ജയിക്കുമെന്ന് ഉറപ്പായി. അഞ്ചാം സീറ്റിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റ ദിനേശ് ബാനര്‍ജി സമര്‍പ്പിച്ച പത്രിക തള്ളിയതോടെയാണ് സി പി എം സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പായത്. നിയമസഭയിലെ നിലവിലെ അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ നാല് സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയും. അഞ്ചാം സീറ്റിലും ഇവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയാണ്. സി പി എം- കോണ്‍ഗ്രസ് സ്ഖ്യത്തില്‍ വിള്ളലുണ്ടാകുമെന്നും ഇതിലൂടെ അഞ്ചാം സീറ്റും ജയിച്ച് കയറാമെന്നും ഇവര്‍ കണക്ക് കൂട്ടി. പാര്‍ട്ടി പിന്തുണച്ചിട്ടും സി പി എം അംഗത്തിന് വോട്ട് ചെയ്യില്ലെന്ന് ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ പറഞ്ഞതും തൃണമൂലിന്റെ ആത്മവിശ്വാസമേറ്റി. എന്നാല്‍ പത്രികക്ക് ഒപ്പം ദിനേശ് ബാനര്‍ജി സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ സി പി എം സ്ഥാനാര്‍ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടെ വിജയം ഉറപ്പാകുകയായിരുന്നു. മുന്‍കൊല്‍ക്കത്ത മേയറായിരുന്ന ബികാഷ് രഞ്്ജന്‍ ഭട്ടാചാര്യ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ശാരദ ചിട്ടി തട്ടിപ്പ് കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യക്തിയാണ്.

സി പി എം- കോണ്‍ഗ്രസ് സഖ്യം തകര്‍ത്ത് അഞ്ച് സീറ്റും നേടാന്‍ മമത ബാനര്‍ജി പല തന്ത്രങ്ങളും ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണക്കാമെന്ന് തൃണമൂല്‍ വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കുമെല്ലാം ഇതിനോട് സമ്മതവുമായിരുന്നു. എന്നാല്‍ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം ശക്തമായി എതിര്‍ക്കുകയായിരുന്നു. സി പി എം സ്ഥാനാര്‍ഥിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതോടെ തൃണമൂല്‍ നീക്കം പാളുകയായിരുന്നു. സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും അവസാന ഘട്ട ശ്രമം നടത്തിയിരുന്നു. ഇതിനെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് തള്ളിയത്.

മാര്‍ച്ച് 12നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതിന് ഒരു ദിവസം മുമ്പാണ് മീരാകുമാറിന്റെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഈ വാഗ്ദാനം ഇഷ്ടപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന, ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി പോലും ഈ വാഗ്ദാനം സ്വീകരിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.