ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയില്‍നിന്നും ആശയം; കൊവിഡിന് പ്രതിരോധമരുന്നെന്ന പേരില്‍ ഗോമൂത്രവും ചാണകവും വിറ്റയാള്‍ അറസ്റ്റില്‍

Posted on: March 18, 2020 8:58 am | Last updated: March 18, 2020 at 11:52 am

കൊല്‍ക്കത്ത  |ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയില്‍നിന്നും ആശയം ഉള്‍ക്കൊണ്ട് കൊവിഡ് 19 രോഗത്തിന് പ്രതിരോധ മരുന്നെന്ന പേരില്‍ പശുവിന്റെ ചാണകവും ഗോമൂത്രവും വില്‍പ്പനക്കു വച്ചയാള്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റില്‍. കൊല്‍ക്കത്തക്കടുത്തു ഡാംകുനി സ്വദേശി മാബുദ് അലിയെന്ന ക്ഷീരകര്‍ഷകനാണ് അറസ്റ്റിലായത്.

ഡല്‍ഹി- കൊല്‍ക്കത്ത ദേശീയ പാത 19ല്‍ റോഡരികില്‍ താത്കാലികമായി കെട്ടിയുയര്‍ത്തിയ കടയില്‍ ലിറ്ററിന് 500 രൂപ ഈടാക്കിയാണു ഗോമൂത്രം വില്‍പ്പനക്കു വച്ചത്. ഒരു കിലോ ചാണകത്തിനും ഇതേ വിലയിട്ടു. ഗോമൂത്രം കുടിച്ചു കൊറോണ വൈറസിനെ അകറ്റൂ എന്ന പോസ്റ്ററും കടയില്‍ പതിപ്പിച്ചിരുന്നു.

മാര്‍ച്ച് 14ന് നടന്ന ഹിന്ദുമഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയില്‍നിന്നാണു തനിക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചതെന്നും ഗോമൂത്രവും ചാണകവും വിറ്റ് കൂടുതല്‍ ലാഭമുണ്ടാക്കാമെന്നു കരുതിയാണു കട ആരംഭിച്ചതെന്നും അലി പറയുന്നു.

മതവികാരം വ്രണപ്പെടുത്തി, കബളിപ്പിച്ചു എന്നി കുറ്റങ്ങള്‍ ചുമത്തിയാണു മബൂദ് അലിയെ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.