Connect with us

National

16 എംഎല്‍എമാര്‍ ബിജെപി കസ്റ്റഡിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | തങ്ങളുടെ 16 എംഎല്‍എമാരെ ബിജെപി ബംഗളൂരുവില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭാംഗങ്ങളും സഭയില്‍ ഹാജരാകുമ്പോള്‍ മാത്രമേ വിശ്വാസവോട്ടെടുപ്പ് നടത്താനാകൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ 22 എംഎല്‍മാര്‍ രാജിവെച്ച ഒഴിവില്‍ ഉപതിരഞ്ഞെടുപ്പിനുശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിയൂ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് സംസ്ഥാന സര്‍ക്കാറിന് നോട്ടിസ് അയച്ചിരുന്നു.

കർണാടക കോണ്‍ഗ്രസ് ചീഫ് വിപ്പ് ഗോവിന്ദ് സിംഗാണ് ഹര്‍ജി നല്‍കിയത്. ബിജെപിയുടെ അധികാര ദുര്‍വിനിയോഗത്തിനും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കും എതിതിരായ നിയമവാഴ്ചയെ പിന്തുണയ്ക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

22 എംഎല്‍എമാര്‍ രാജിവച്ചതിനാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും അതിനാല്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സ്പീക്കര്‍ എന്‍ പി പ്രജാപതി സമ്മേളനം നീട്ടിവെക്കുകയായിരുന്നു. മാര്‍ച്ച് 26 വരെയാണ് സമ്മേളനം നീട്ടിയത്.

---- facebook comment plugin here -----

Latest