എവിടെയൊക്കെ പോയി, ആരെയൊക്കെ സന്ദര്‍ശിച്ചു; മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പ് തയാര്‍

Posted on: March 17, 2020 3:55 pm | Last updated: March 17, 2020 at 7:56 pm

മലപ്പുറം | ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേര്‍ സഞ്ചരിച്ച ഇടങ്ങളുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തുവിട്ടു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗബാധിതര്‍ സഞ്ചരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് പുറത്തുവിട്ടത്. ഇതില്‍ അരീക്കോടുകാരിയായ സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയത് നാലു പഞ്ചായത്തുകളിലായുള്ള 300 പേരുമായാണ്.

വാണിയമ്പലം സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. വാണിയമ്പലത്തുകാരി പരിശോധനക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസിലുണ്ടായിരുന്ന 40 യാത്രക്കാര്‍ എന്നിവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചിരിക്കുന്ന രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളും ജില്ലാ ഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്കമുണ്ടായവര്‍ 800ഓളം വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.