ജീവനക്കാരോട് വീട്ടിലിരിക്കാന്‍ ഗൂഗിള്‍; യൂട്യൂബ് ഉള്‍പ്പെടെ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കും

Posted on: March 17, 2020 2:37 pm | Last updated: March 17, 2020 at 5:31 pm

ന്യൂയോര്‍ക്ക് | കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗൂഗിളും നിര്‍ദേശം നല്‍കിയതോടെ പല സേവനങ്ങളും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാന്ന് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ഉള്‍പ്പെടെ സേവനങ്ങളില്‍ നയലംഘനങ്ങളും പിശകുകളും വരാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

ജിവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ഇതിലൂടെ സാധ്യമാകില്ല. അതിനാല്‍ യൂട്യൂബ് സേവനങ്ങള്‍ക്ക് ഗൂഗിള്‍ ഓട്ടോമേറ്റഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. അത്തരം സോഫ്റ്റ് വെയര്‍ എല്ലായ്‌പ്പോഴും മനുഷ്യരെപ്പോലെ കൃത്യമാകില്ലെന്നും അത് പിശകുകളിലേക്ക് നയിക്കുമെന്നും കമ്പനി പറഞ്ഞു.

ഗൂഗിളിന്റെ ഉള്ളടക്ക നയലംഘന നിയമങ്ങള്‍ക്ക് എതിരായ വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഒരു പരിധിക്കപ്പുറം തടയാന്‍ കൃത്രിമ സംവിധാനങ്ങള്‍ വഴി സാധിക്കില്ല. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ജീവനക്കാര്‍ തന്നെയാണ് തീരുമാനങ്ങളെടുക്കുന്നത്. ഇത് സോഫ്റ്റ് വെയറുകള്‍ ചെയ്യുന്ന സ്ഥിതിയില്‍ പൂര്‍ണത ഉറപ്പാക്കാന്‍ സാധിക്കില്ല.

ഗൂഗിളിന്റെ ജിമെയില്‍, ആഡ്‌സെന്‍സ് ഉള്‍പ്പെടെ മറ്റു സേവനങ്ങളെയും ഇത് ബാധിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.