Connect with us

Covid19

കോവിഡ് ഭീതി: വിദേശ ദമ്പതികളെ ബസ് തടഞ്ഞ് ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് ഭീഷണിക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ വിദേശ ദമ്പതികള്‍ യാത്ര ചെയ്തത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടര്‍ന്ന് ദമ്പതികളെ ബസ് ജീവനക്കാര്‍ ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആംബുലന്‍സില്‍ പരിശോധനക്കായി ജില്ല ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച രാത്രി കണ്ണൂരിലാണ് സംഭവം.

മാര്‍ച്ച് രണ്ടിന് ദുബൈയില്‍ നിന്നാണ് വിദേശ ദമ്പതികള്‍ ഇന്ത്യയില്‍ എത്തിയത്. 14 ദിവസം കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. തിങ്കളാഴ്ച മൈസൂരുവില്‍നിന്ന് മാനന്തവാടിയില്‍ എത്തി. വൈകീട്ട് 4.30ഓടെ കെ എസ് ആര്‍ ടി സിയില്‍ ഇവര്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു.

വാഹനം  മമ്പറത്ത് എത്തിയതോടെയാണ് കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ യാത്രക്കാര്‍ ആശങ്കയിലായത്. അതിനിടെ യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ബസ് ഇവരുമായി ടൗണ്‍ സ്‌റ്റേഷനിലേക്ക് എടുക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. ഇതേതുടര്‍ന്നാണ് ബസ് ടൗണ്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. അവിടെനിന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി 108 ആംബുലന്‍സില്‍ പരിശോധനക്കായി ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തോട്ടടയിലെ ഒരു റിസോര്‍ട്ടിലായിരുന്നു ഇവര്‍ താമസം ബുക്ക് ചെയ്തത്. അവിടേക്ക് വരികയായിരുന്നു വിദേശ ദമ്പതികള്‍. പോലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് റിസോര്‍ട്ട് അധികൃതരും ടൗണ്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു. വിദേശ ദമ്പതികളെ പരിശോധനക്ക് വിധേയമാക്കുന്നതിന് സഹകരിക്കാമെന്ന് റിസോര്‍ട്ട് ഉടമകള്‍പോലീസിനോട് പറഞ്ഞു.

Latest