Covid19
കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരന്റെ ആരോഗ്യനില തൃപ്തികരം; റൂട്ട് മാപ്പ് ഉടന്‍ തയാറാകും

കൊച്ചി | കൊവിഡ് 19 സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ആരോഗ്യനില തൃപ്തികരം. ആരോഗ്യ വകുപ്പ് അറിയിച്ചതാണ് ഈ വിവരം. കൊച്ചിയിലുണ്ടായിരുന്ന സമയത്ത് ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഈമാസം ആറിനാണ് ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി ഐലന്‍ഡിലെ ഹോട്ടലില്‍ രണ്ട് ദിവസം താമസിച്ചു. എട്ടാം തീയതി തൃശൂരിലേക്കു പോയി. ഇതിനിടയില്‍ ഇയാള്‍ എവിടെയെല്ലാം സന്ദര്‍ശനം നടത്തിയെന്നുള്ള വിവരങ്ങളാണ് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരിലൊരാള്‍ ഇയാളുമായി നേരിട്ട് സംസാരിച്ച് ശേഖരിച്ച വിവരങ്ങളും ടൂര്‍ ഗൈഡില്‍ നിന്നും ലഭിച്ച വിവരങ്ങളുമുണ്ട്. ഇത് പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താന്‍ ആറംഗ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പരിശോധനക്കു ശേഷം റൂട്ട് മാപ്പ് തയ്യാറാക്കും.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു തന്നെയാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ബ്രിട്ടീഷ് പൗരന്റെ സംഘത്തിലുണ്ടായിരുന്ന പതിനേഴ് പേരും നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവര്‍ക്കൊപ്പം ഇവരെ എത്തിച്ച വാഹനത്തിലെ രണ്ട് ജീവനക്കാരും ടൂര്‍ ഗൈഡും നിരീക്ഷണത്തിലാണ്. ഐലന്‍ഡിലെ ഹോട്ടലില്‍ ഇവരുമായി അടുത്തിടപഴകിയ ജീവനക്കാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.