Connect with us

Covid19

2020ല്‍ മഹാമാരി ലോകത്തെ വിഴുങ്ങുമെന്ന് രണ്ട് വര്‍ഷം മുമ്പേ പ്രവചിച്ച് ഹാര്‍വാര്‍ഡിലെ വിദഗ്ധന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അയ്യായിരത്തിലധികം ആളുടെ മരണത്തിനിടയാക്കി കൊറോണ വൈറസ് ലോകവ്യപകമായി ഭീതിവിതയ്ക്കുമ്പോള്‍ ഇതുസംബന്ധിച്ച ചില പ്രവചനങ്ങള്‍ വാര്‍ത്തയാകുന്നു. 2020ല്‍ ഇതുവരെ കേള്‍ക്കാത്ത മാരക പകര്‍ച്ചവ്യാധി ലോകത്തെ വിഴുങ്ങുമെന്ന് വൈദ്യശാസ്ത്രം പ്രചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2018 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്ന് മലയാള മാധ്യമങ്ങൾ ഉൾപ്പെടെ ഇത് വാർത്തയാക്കിയിരുന്നു.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ ഇന്‍സ്ട്രക്ടറും ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ജോനാതന്‍ ഡി ക്യൂക്കിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. മാരക പകര്‍ച്ചവ്യാധി ബാധിച്ച് ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ മരിച്ചുവീഴുമെന്നും എല്ലാ വന്‍ കരകളിലേക്കും മണിക്കൂറുകള്‍ക്കകം പടര്‍ന്നു പിടിക്കുന്നതാകും രോഗമെന്നു‌ം ഈ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

ദേശാടന പക്ഷികളിലൂടെ വ്യാപിക്കുന്ന രോഗം കാരണം ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടും. രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ക്ക് ഇത് കാരണമാകും. ശ്വസിക്കാന്‍ ഓക്‌സിജന്‍ മാസ്‌കിനെ ആശ്രയിക്കേണ്ടിവരും. വിമാന യാത്രപോലും സൂക്ഷിച്ചില്ലെങ്കില്‍ മരണയാത്രയാകും… എന്നിങ്ങനെ പോകുന്നു പഠനത്തിലെ മുന്നറിയിപ്പുകള്‍.

1918ല്‍ 10 കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്‌ലൂവിനേക്കാള്‍ അപകടകരമായ രോഗമാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് ഹാര്‍വാര്‍ഡിലെ വിദഗ്ധന്‍ നല്‍കിയത്.