Connect with us

Covid19

എസി കോച്ചുകളിലെ പുതപ്പുകളും കര്‍ട്ടനുകളും മാറ്റി; അണുനശീകരണ യജ്ഞവുമായി റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി | മാരകമായ നോവല്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ ശക്തമായ അണുനശീകരണ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകളും ട്രെയിന്‍ കോച്ചുകളും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. എയര്‍കണ്ടീഷന്‍ഡ് കോച്ചുകളിലെ പുതപ്പുകളും കര്‍ട്ടനുകളും നീക്കം ചെയതിട്ടുണ്ട്.

റെയില്‍ ശൃംഖലയുടെ എല്ലാ ഡിവിഷണല്‍, സോണല്‍ ആസ്ഥാനങ്ങളിലും ശുചീകരണ – അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേ യാര്‍ഡുകളില്‍ മിക്ക ട്രെയിന്‍ കോച്ചുകളും സമയാസമയങ്ങളില്‍ വൃത്തിയാക്കുന്നുണ്ട്. സീറ്റുകള്‍ / ബര്‍ത്തുകള്‍, വിന്‍ഡോ, ടോയ്‌ലറ്റുകളിലെ മിറര്‍, വാട്ടര്‍ ടാപ്പുകള്‍, കോച്ചുകളുടെ വാതിലിലെ ഹാന്‍ഡിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും പ്രത്യേക രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുന്നതായി റെയില്‍വേ അറിയിച്ചു.

എസ്‌കലേറ്ററുകളുടെ റെയിലിംഗ്, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്ലാറ്റ്‌ഫോമിലെ ബെഞ്ചുകള്‍, വാട്ടര്‍ ബൂത്തുകള്‍, ടോയ്‌ലറ്റുകള്‍, വാതിലുകള്‍, നോബുകള്‍, സ്വിച്ചുകള്‍ എന്നിവയും അണുവികുക്തമാക്കുന്ന നടപടികള്‍ സീകരിച്ചുവരുന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രൈവറുടെയും ഗാര്‍ഡിന്റെയും ലോബിയില്‍ സാനിറ്റൈസറുകളുടെ ഉപയോഗം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍വേ അറിയിപ്പിനൊപ്പം ബോധവത്കരണ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

എസി കോച്ചുകളിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസ്യായി ഉയര്‍ത്തുകയും ശുചീകരണ, അണുവിമുക്ത ജോലികള്‍ക്ക് ശേഷം തണുപ്പിക്കുകയുമാണ് ചെയ്യുന്നത്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ എന്നിവ ഏപ്രില്‍ വരെ എല്ലാ എസി കോച്ചുകളില്‍ നിന്നും പുതപ്പും കര്‍ട്ടനുകളും പിന്‍വലിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് ബെഡ് ഷീറ്റുകള്‍ മാത്രം നല്‍കുമെന്നും കോച്ചിനുള്ളിലെ പൊതു താപനില 25 ഡിഗ്രി സെല്‍ഷ്യസായി നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ യാത്രക്കാര്‍ക്ക് അധിക ബെഡ് ഷീറ്റുകള്‍ നല്‍കും.

യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് വൃത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം പുതപ്പ് കൊണ്ടുവരാന്‍ റെയില്‍വേ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ താത്കാലിക നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.