Connect with us

National

രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചു

Published

|

Last Updated

അഹമ്മദാബാദ് |   മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കുതിരക്കച്ചവടത്തിന് ബി ജെ പി ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചു. ഗുജറാത്തില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇവരുടെ രാജിയെന്നത് ശ്രദ്ധേയമാണ്. ജെ വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എം എല്‍ എമാരാണ് ഗവര്‍ണക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്നലെ 14 എം എല്‍ എമാരുടെ സംഘത്തെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഈ സംഘത്തോടൊപ്പം ഇപ്പോള്‍ രാജിവെച്ച എം എല്‍ എമാര്‍ പോയിരുന്നില്ല. എന്നാല്‍ രാജി സംബന്ധിച്ച് പാര്‍ട്ടിക്ക് ഒരു അറിവുമില്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ വിര്‍ജിഭായ് തുമ്മാര്‍ പറഞ്ഞു. സോമാഭായ് പട്ടേല്‍ ഇന്നലെ വരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ജെ വി കക്കഡിയ അടക്കമുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് നിയമസഭയിലെ നിലവിലെ അംഗസംഖ്യ പ്രകാരം രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കഴിയും. എന്നാല്‍ ഒഴിവ് വരുന്ന നാല് സീറ്റുകളില്‍ മൂന്ന് സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഒപ്പം എം എല്‍ എമാരുടെ കാല്മാറ്റവും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു.

182 അംഗ നിയമസഭയില്‍ 73 എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം എല്‍ എമാരാണുള്ളത്. സ്വതന്ത്ര എം എല്‍ എ ജിഗ്നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം എല്‍ എമാരും എന്‍ സി പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. എന്നാല്‍ ബി ജെ പിക്ക് 103 എം എല്‍ എമാരുള്ളതിനാല്‍ രണ്ട് സീറ്റില്‍ എളുപ്പം ജയിക്കാന്‍ കഴിയും. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോരുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി മൂന്നാം സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest