എന്റെ ശരീരമേ…എന്റെ ശരീരമേ…

എല്ലാ സാമൂഹിക ഇടങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഈ ഒറ്റ മനുഷ്യന് ആരാണ് ആശ്രയം? സത്യം പറഞ്ഞാൽ, ഐസൊലേഷനിൽ കഴിയുന്ന മനുഷ്യരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന വാർത്തയേക്കാൾ ആത്മവിശ്വാസം പകരുന്ന മറ്റൊരു വാക്കും ആരും ഉച്ചരിക്കുന്നില്ല.
Posted on: March 15, 2020 5:17 pm | Last updated: March 15, 2020 at 5:21 pm

മനുഷ്യൻ എത്ര ദുർബലനാണ്. എത്ര പെട്ടെന്നാണ് അവന്റെ അഹംബോധങ്ങൾ ഒലിച്ചു പോകുന്നത്. ഉത്തരങ്ങളില്ലാത്ത ജീവികളായി അവൻ പരിണമിക്കുന്നത് എത്ര വേഗത്തിലാണ്. വ്യാഖ്യാനങ്ങൾ മുഴുവൻ ഒടുങ്ങുകയും അങ്ങേയറ്റം പ്രവചനാതീതമാണ് ജീവിതമെന്ന യാഥാർഥ്യം മാത്രം അവശേഷിക്കുകയും ചെയ്യുന്നു. കൊറോണവൈറസ് ലോകത്താകെ പടർന്നു പിടിക്കുമ്പോൾ ഒരുപാട് ചോദ്യങ്ങളാണ് അലയുന്നത്. എങ്ങനെ വരുന്നു വൈറസുകൾ? എങ്ങനെയാണ് ഓരോ വരവിലും അവ കൂടുതൽ ഉഗ്രരൂപം പ്രാപിക്കുന്നത്? മരുന്ന് കണ്ടെത്തുന്ന കേന്ദ്രങ്ങളിൽ തന്നെയാണോ രോഗവും പിറവിയെടുക്കുന്നത്? മരുന്നിനെപ്പോലെ രോഗവും സൃഷ്ടിക്കപ്പെടുന്നതാണോ? പരസ്പരം തൊടാൻ ആത്മവിശ്വാസമില്ലാത്ത നിലയിൽ മനുഷ്യനെ ഒറ്റപ്പെടുത്തുമാറ് ഈ വൈറസുകൾ പകർച്ച കൈവരിക്കുന്നത് എന്തുകൊണ്ടാണ്?. രോഗ വ്യാപനത്തിന്റെ കാര്യത്തിൽ രാജ്യാതിർത്തികൾക്ക് ഒരു പ്രസക്തിയുമില്ല. മിക്ക ഭൂഖണ്ഡങ്ങളെയും കൊവിഡ് 19 ബാധിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ആഫ്രിക്കയിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാധാരണഗതിയിൽ ഇത്തരം രോഗങ്ങളുടെയെല്ലാം പേരിൽ വല്ലാതെ പഴി കേൾക്കേണ്ടിവരാറുള്ളത് ആഫ്രിക്കക്കാരായിരുന്നു. അവരുടെ ജീവിത രീതിയും ആഘോഷങ്ങളും ആചാരങ്ങളും ശീലങ്ങളും രോഗകാരണമായി ചാപ്പ കുത്തപ്പെടുകയായിരുന്നു പതിവ്. എബോളക്കാലത്ത് അത് കണ്ടതാണ്. എന്നാൽ, കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണ്. വികസിത രാജ്യങ്ങളാണ് വലിയ ഇരകൾ.

കൊവിഡ് വൈറസിന്റെ ഉത്ഭവവും വ്യാപനവും സംബന്ധിച്ച് ആധികാരിക പഠനങ്ങൾ ഏറെ നടന്നുവെങ്കിലും ഏറ്റവും കൂടുതൽ പേർ വായിക്കുകയും ശരിയാകാമെന്ന് ധരിക്കുകയും ചെയ്ത തിയറി ഒരു നോവലിസ്റ്റിന്റെ ഭാവനയാണ്. അമേരിക്കൻ എഴുത്തുകാരനായ ഡീൻ കൂണ്ടെസ് എഴുതിയ ഇരുട്ടിന്റെ കണ്ണുകൾ (The Eyes of Darkness) എന്ന ത്രില്ലർ നോവലാണ് ലോകം വീണ്ടുമെടുത്ത് വായിച്ചത്. ചൈന തങ്ങളുടെ ശത്രുക്കളെ വകവരുത്താനായി വുഹാനിലെ ലാബിൽ സൃഷ്ടിച്ച വൈറസ് ചോർന്ന് രാജ്യത്തിനകത്ത് നിരവധി ആളുകളിൽ പടർന്നുപിടിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. വുഹാൻ 400 എന്നാണ് വൈറസിന് നോവലിസ്റ്റ് പേര് നൽകിയിരിക്കുന്നത്. 1981ൽ എഴുതിയ ഈ നോവലിലെ വിവരണവും വർത്തമാന കാല പ്രതിസന്ധിയും തമ്മിൽ സ്ഥലസാമ്യം മാത്രമല്ല ഉള്ളത്. വ്യാപനത്തിന്റെ വ്യാപ്തി അടക്കം നിരവധി ഘടകങ്ങളിൽ നോവൽ യഥാർഥ ജീവിതവുമായി ചേർന്നൊഴുകുന്നു. വല്ലാത്ത പ്രവചന സ്വഭാവമുള്ള നോവലായിരുന്നു അത്.

വൈറസ് വ്യാപനത്തിന്റെ കഥ പറയുന്ന മറ്റൊരു നോവലാണ് ഫെമിനിസ്റ്റ് എഴുത്തുകാരിയായ ജൊവാനാ റസിന്റെ ദി ഫീമെയിൽ മാൻ (1975). പുരുഷൻമാരെ മാത്രം ബാധിക്കുന്ന ഒരു വൈറസിനെ കുറിച്ചാണ് എഴുത്തുകാരി ഭാവന കൊള്ളുന്നത്. പാട്രിയാർക്കിക്കൽ സമൂഹത്തോടുള്ള പ്രതികരണമെന്ന നിലക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട നോവലാണ് ദി ഫീമെയിൽ മാൻ. റാഡിക്കൽ ഫെമിനിസത്തിന്റെ മനുഷ്യത്വ വിരുദ്ധത ആവോളമുള്ള നോവൽ അവസാനിപ്പിക്കുമ്പോൾ വ്യക്തമാകുന്നു, പുരുഷ വിരോധിയായ ശാസ്ത്രജ്ഞ തന്റെ ലാബിൽ സൃഷ്ടിച്ച വൈറസാണ് പുരുഷൻമാരെ മാത്രം കൊല്ലുന്ന പ്ലേഗായി മാറുന്നതെന്ന്. പല ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളടങ്ങുന്നതാണ് ഈ നോവൽ. ഒ ഹെൻറിയുടെ ലാസ്റ്റ് ലീഫ് മഹാമാരിയുടെ ഭീകരതയും മനുഷ്യന്റെ അതിജീവനവും പ്രമേയമാകുന്ന കഥയാണ്.

വൈറസ് പടച്ചുവിട്ടത് അമേരിക്കയാണെന്ന ആരോപണം ചൈന ഔദ്യോഗികമായി തന്നെ ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു. ചൈന സന്ദർശിച്ച യു എസ് സൈനികനാണത്രേ രോഗം കൊണ്ടുവന്നത്. മരുന്നു കമ്പനികൾ എവിടെയോ ഇരുന്ന് പടച്ചു വിടുന്നതാണ് അതിമാരക വൈറസുകളെന്ന സിദ്ധാന്തത്തിന് ഏറെ സ്വീകാര്യതയുണ്ട്. അത് ശരിയാകാം, അല്ലായിരിക്കാം. പക്ഷേ, വൈറസുകളെ നേരിടാൻ മനുഷ്യൻ ഉപയോഗിക്കുന്ന മരുന്നുകൾ അവയെ കൂടുതൽ കരുത്തരും അതിജീവന സാധ്യതയുള്ളതുമാക്കി മാറ്റുന്നുവെന്നത് വസ്തുതയാണ്. അതിജീവനത്തിനായി മനുഷ്യൻ നടത്തുന്ന ശ്രമങ്ങൾ വൈറസിനെ പുതിയ അനുകൂലനത്തിന് പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്. കീടനാശിനികളെ അതിജീവിക്കാൻ കീടങ്ങൾക്ക് സാധിക്കുന്നത് പോലെയാണത്. പുതിയ വൈറസ് വേയ്‌വ് വരുമ്പോൾ നേരത്തേയുള്ള മരുന്ന് മതിയാകാതെ വരുന്നു. സ്വാഭാവിക പ്രതിരോധ ശേഷി തകർത്തു കൊണ്ടാണ് മനുഷ്യനിൽ ഓരോ മരുന്നും പരീക്ഷിക്കപ്പെടുന്നത്. വൈറസുകളും ഗവേഷകരും തമ്മിൽ മത്സരം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ തവണയും വൈറസുകൾ വിജയിക്കുന്നു. 1952ൽ വന്ന ചികുൻ ഗുനിയ അല്ല 2000ത്തിൽ വന്നത്. സിക, എബോള, സാർസ്, മെർസ്, നിപ്പാ. പല പേരുകൾ. പല ഭാവങ്ങൾ.

കൊവിഡ് 19 ആയാലും സാർസായാലും പകർച്ച വ്യാധികൾ മനുഷ്യനെ ഒറ്റക്കാക്കുകയാണ് ചെയ്യുന്നത്. ക്വാറന്റൈൻ ചെയ്യപ്പെട്ട മുറിയിലെ ഏകാന്തത അനുഭവിക്കുന്നത് രോഗം സ്ഥിരീകരിച്ചയാൾ മാത്രമാണ്. എന്നാൽ, രോഗ ഭീതിയിൽ കഴിയുന്ന മനുഷ്യരുടെ ഏകാന്തതയാണ് ഭീകരം. അവർ ആശ്ലേഷിക്കാനാഞ്ഞ് പിൻവാങ്ങുന്നു. യാത്രകൾ റദ്ദാക്കുന്നു. ഉത്സവങ്ങൾ ഉപേക്ഷിക്കുന്നു. കൂട്ടമായിരുന്നുള്ള പ്രാർഥനകൾക്ക് നിയന്ത്രണം വെക്കുന്നു. യോഗങ്ങളും കൂടിക്കാഴ്ചകളും വേണ്ടെന്ന് വെക്കുന്നു. തൊഴിലിടങ്ങൾ ശൂന്യമാകുന്നു. നഗരങ്ങൾ വിജനമാകുന്നു. ആത്യന്തികമായി അവർ തൊടാൻ പേടിക്കുന്നു. ബന്ധങ്ങൾ എല്ലാം അപ്രസക്തമായി മനുഷ്യൻ ഒറ്റക്കാകുന്നു. എന്റെ ശരീരമേ… എന്റെ ശരീരമേ എന്ന് അവൻ വിലപിക്കുന്നു. ഇറ്റലിയില്‍ അടച്ചിട്ട വീടുകളില്‍ നിന്ന് ഈ വിലാപം കേള്‍ക്കാം.

5,000ത്തിലധികം പേർ മരിച്ചു. ലോകത്താകെ ഒന്നര ലക്ഷം പേർക്ക് രോഗബാധയുണ്ട്. വൈറസ് ബാധിച്ചാലും ലക്ഷണങ്ങൾ പുറത്തേക്ക് കാണാത്തതിനാൽ ആരൊക്കെയാണ് വാഹകരെന്ന് പറയാനൊക്കില്ല. ചൈനയിൽ നിന്നുള്ള വിമാനങ്ങൾ നോക്കിയാൽ മതിയായിരുന്നു തുടക്കത്തിൽ. ഇനി എവിടെ പരതും? ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ഉത്തരവാണ് ഏറ്റവും കൗതുകകരം: വൈറസ് അതിർത്തി കടന്നു വന്നാൽ വിവരമറിയും. വിവരമറിയുന്നത് ആര് വൈറസോ? അതോ അദ്ദേഹത്തിന്റെ നാട്ടിലെ ആരോഗ്യ വിദഗ്ധരോ? ദക്ഷിണ കൊറിയയിൽ പടർന്നു പിടിക്കുന്ന വൈറസ് ഉത്തര കൊറിയയിലെത്തിയില്ലെന്ന് പറയുന്നത് അവിടെ നിന്ന് വാർത്തകൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. ഇതേ പണിയാണ് ചൈനയും തുടക്കത്തിൽ ചെയ്തത്. പുറത്തറിയിക്കാതിരിക്കുക. സാമ്പത്തിക ഉത്കണ്ഠകളും വേഗത്തിൽ നിയന്ത്രണ വിധേയമാക്കാമെന്ന ആത്മവിശ്വാസവുമാണ് ചൈനയെ ഈ മൂടി വെക്കലിന് പ്രേരിപ്പിച്ചതെന്ന് ന്യായീകരിക്കാവുന്നതാണ്. എന്നാൽ, കൊറോണ ഇനത്തിലെ ഏറ്റവും അപകടകാരിയെന്ന് ഇക്കാലം വരെ കരുതപ്പെട്ടിരുന്ന സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്) വൈറസ് ബാധയുടെ ഇരയായ രാജ്യമെന്ന നിലയിൽ ആ അനുഭവങ്ങൾ ചൈനക്ക് പാഠമാകേണ്ടതായിരുന്നു. 2000-2003 കാലത്തായിരുന്നു സാർസ് ചൈനയെ പിടിമുറുക്കിയത്. അന്ന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താൻ ചൈന തയ്യാറായില്ല. ഇത്തവണയും അതേ തെറ്റ് ആവർത്തിച്ചു. വുഹാനിൽ ഉള്ളവർ പോലും ആഴ്ചകൾ കഴിഞ്ഞാണത്രേ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കിയത്. പുറത്തു പറയാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരെ രാജ്യദ്രോഹികളാക്കുകയാണ് ചൈനീസ് അധികൃതർ ചെയ്തത്. പത്ത് ദിവസം കൊണ്ട് കൂറ്റൻ ആശുപത്രി നിർമിച്ചും നഗരങ്ങളിലെ ജനങ്ങളെ ഒന്നാകെ ക്വാറന്റൈൻ ചെയ്തും കമ്മ്യൂണിസ്റ്റ് കേഡർമാരെയും ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒന്നാകെ രോഗത്തിനെതിരെ പോരാടാൻ രംഗത്തിറക്കിയും മുന്നേറിയ ചൈന ഇത്തവണയും നിഗൂഢത കൈവെടിഞ്ഞില്ല. പിടിവിട്ടപ്പോൾ മാത്രമാണ് അവർ യഥാർഥ ചിത്രം ലോകത്തെ കാണിച്ചത്.

നവംബർ 17ന് ആദ്യത്തെയാൾക്ക് നോവൽ കൊറോണ സ്ഥിരീകരിച്ചതാണ്. ജനുവരി 23 മുതലാണ് ഹുബേയിലെ വുഹാനിൽ നിയന്ത്രണങ്ങൾ വരുന്നതും പുറം ലോകം കാര്യമായെടുക്കുന്നതും. അപ്പോഴും അത് ചൈനയുടെ മാത്രം പ്രശ്‌നമായി പലരും കണ്ടു. ചില പണ്ഡിതർ പോലും ചൈനക്ക് മേൽ ശാപവാക്കുകൾ ചൊരിഞ്ഞു. മുസ്‌ലിംകളെ പീഡിപ്പിക്കുന്ന ചൈനക്ക് മേൽ ദൈവത്തിന്റെ ശാപം പതിച്ചിരിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. (സിൻജിയാംഗിലെ ഉയ്ഗൂർ മുസ്‌ലിംകളെ ചൈനീസ് അധികൃതർ വിശ്വാസത്തിലെടുത്തിട്ടില്ലെന്നതും ആ ജനത അതിന്റെ കെടുതി അനുഭവിക്കുന്നുവെന്നതും ഒഴിച്ചു നിർത്തിയാൽ മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്ന രാജ്യമാണ് ചൈന) പക്ഷേ, എല്ലാവരിലേക്കുമുള്ള പരീക്ഷണം ചൈനയിൽ ഇറങ്ങുകയായിരുന്നുവെന്ന് ഏതാനും ദിവസം കൊണ്ട് തന്നെ വ്യക്തമായി. ചൈനയിലെ പൊതു അവധി ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 15 വരെയാണ്. ഈ അവധി ദിനങ്ങളിൽ ചൈനയിലെ വിദേശികൾ മുഴുവൻ സ്വന്തം നാട്ടിലേക്ക് തിരിച്ചു. പലരും രോഗവുമായാണ് പോയത്. വുഹാനില്‍ പഠിക്കാനെത്തിയവരെയും ജോലിക്കു വന്നവരെയും അവിടെ തന്നെ ക്വാറന്റൈൻ ചെയ്തിരുന്നുവെങ്കിൽ രോഗം ഇങ്ങനെ പടരില്ലായിരുന്നു. പോകാനുള്ളവർ പോയിക്കഴിഞ്ഞാണ് ചൈന പ്രതിരോധ നടപടികൾ കാര്യമായി കൈക്കൊണ്ടത്.

പകർച്ചക്ക് മുന്നിൽ പകച്ച് നിൽക്കുന്നത് അവികസിത രാജ്യങ്ങളല്ല. വികസ്വര രാജ്യങ്ങളുമല്ല. അത്യന്താധുനിക ആരോഗ്യ സംവിധാനങ്ങൾക്ക് പേര് കേട്ട വികസിത രാജ്യങ്ങളാണ്. അമേരിക്കൻ പ്രസിഡന്റ് പറയുന്നത് പകർച്ച വ്യാധികൾ കൊണ്ട് തന്റെ രാജ്യത്തിന്റെ കരുത്ത് അളക്കാനാകില്ലെന്നാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ വല്ലാതെ വൈകിച്ചതും ഈ അഹങ്കാരം കൊണ്ടാണ്. വികസിത/ അവികസിത വിഭജനം പൊള്ളയാണെന്ന് സമ്മതിക്കാൻ അപ്പോഴും വൻകിട രാജ്യങ്ങൾ തയ്യാറല്ല. വൈറസ് വ്യാപനത്തിന്റെ സാമ്പത്തിക ആഘാതം വിവരണാതീതമാണ്. പരസ്പരാശ്രിത ലോകത്തിന്റെ എല്ലാ സമ്പർക്ക മാർഗങ്ങളും അടയുമ്പോൾ വിനോദ സഞ്ചാരവും വ്യാപാരവും നൈപുണ്യ വ്യാപനവുമെല്ലാം നിലക്കും. തൊഴിലില്ലായ്മ രൂക്ഷമാകും. വാങ്ങൽ ശേഷി കുറയും. ദീർഘകാലത്തെ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്.

വാതിലുകൾ അടയുമ്പോൾ മനുഷ്യൻ ഒറ്റ വ്യക്തിയായി തീരുകയാണ്. എല്ലാ സാമൂഹിക ഇടങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഈ ഒറ്റ മനുഷ്യന് ആരാണ് ആശ്രയം? സത്യം പറഞ്ഞാൽ, ഐസൊലേഷനിൽ കഴിയുന്ന മനുഷ്യരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന വാർത്തയേക്കാൾ ആത്മവിശ്വാസം പകരുന്ന മറ്റൊരു വാക്കും ആരും ഉച്ചരിക്കുന്നില്ല. നെഗറ്റീവ് എന്ന വാക്കിന് എന്തൊരു പോസിറ്റീവ് എനർജി!