Connect with us

Kerala

കവിയും ഭാഷാ പണ്ഡിതനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം |കവിയും ഭാഷാ പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. ശാസ്ത്രമംഗലത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മലയാളത്തിന്റെ വിപ്ലവ സാഹിത്യക്കാരില്‍ മുന്നണിയിലുണ്ടായിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തന്റേതായ സംഭാവന നല്‍കിയിരുന്നു. മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷ നേടിയെടുക്കുന്നതില്‍ നിര്‍ണാക സംഭാവനയും അദ്ദേഹം നല്‍കി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തുലുകള്‍ക്കെതിരെ തന്റെ രചകനകളിലൂടെ നിരന്തരം അദ്ദേഹം ശബ്ദിച്ചു.

1928ല്‍ മാവേലിക്കര താലൂക്കില്‍ വള്ളികുന്നം പകുതിയിലാണ് ജനനം. യുനിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളം ഓണേഴ്‌സ്, തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം എ, 1കേരള സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പി എച്ച് ഡി എന്നിവ കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം അധ്യാപക രംഗത്തേക്ക് എത്തിയത്.

പഠനകാലം മുതല്‍ രാഷ്ട്രീയ പോരാട്ടത്തിനും സ്വാതന്ത്ര്യ പോരാട്ടത്തിനും ഇറങ്ങി. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം നടന്ന ക്വിറ്റ് ഇന്ത്യ സമരത്തോടെയാണ് അദ്ദേഹം രഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് 1947 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്നു പുറത്താക്കി. എന്നാല്‍ അതേ സ്‌ക്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച അദ്ദേഹം കമ്മ്യൂണിസത്തോട് കൂടുതല്‍ അടുക്കുകയായിരുന്നു. വിദ്യാര്‍ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും അംഗം. 1953-54ല്‍ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാര്‍ടിയുടെ വള്ളികുന്നംശൂരനാട് സെക്രട്ടറിയായിരുന്നു. പോലീസ് മര്‍ദനങ്ങള്‍ക്ക് ഇരയായ അദ്ദേഹം ജയില്‍ വാസവും അനുഷ്ടിച്ചിട്ടുണ്ട്.

1957ല്‍ കൊല്ലം എസ് എന്‍ കോളജില്‍ അധ്യാപകനായാണ് അക്കാഡമിക രംഗത്ത് എത്തിയത്. ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്‍പിയും സംഘാടകനുമായിരുന്നു അദ്ദേഹം.1988ല്‍ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ തുടങ്ങിയവാണ് പ്രധാന കവിതകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, എഴുത്തച്ചന്‍, ഉള്ളൂര്‍ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Latest