Connect with us

Covid19

കേരളത്തില്‍ വീണ്ടും കൊവിഡ് 19; വിദേശ പൗരനടക്കം മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

Published

|

Last Updated


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനാണ്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയാണ് മറ്റൊരാള്‍. ഇറ്റലിയില്‍ നിന്ന് യു എ ഇ വഴി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് മൂന്നാമത്തെയാള്‍. തിരുവനന്തപുരത്ത് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഈ വിവരം.

നിലവില്‍ കൊവിഡ് ബാധിച്ച് 19 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 22 കേസുകളാണ്. ഇവരില്‍ മൂന്നു പേര്‍ നേരത്തെ രോഗം ഭേദമായവരാണ്. 5468 പേര്‍ നിരീക്ഷണത്തിലുണ്ട്. പരിശോധനക്കയച്ച 1715 സാമ്പിളുകളില്‍ 1132 എണ്ണം നെഗറ്റീവാണ്. ഇന്ന് അഡ്മിറ്റായത് 69 പേരാണ്. ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലുമുള്ള വിദേശികളെ നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളില്‍ എല്ലാവരെയും പരിശോധിക്കും. വിദേശത്ത് കുടുങ്ങിയവരെ സഹായിക്കും. ഇക്കാര്യത്തിലെ കേന്ദ്ര ഇടപെടല്‍ സ്വാഗതം ചെയ്യുന്നു. അനാവശ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍സസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാര്‍ച്ച് 16ന് വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗം കൊവിഡ് 19ഉമായി ബന്ധപ്പെട്ട കേസുകള്‍ കൂടി ചര്‍ച്ച ചെയ്യുന്ന രൂപത്തില്‍ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest