Connect with us

National

ഡൽഹി വംശഹത്യ; ശിവ് വിഹാറില്‍ ഇനി പ്രതീക്ഷയുടെ ബാങ്കൊലി മുഴങ്ങും

Published

|

Last Updated

കലാപത്തിന്റെ തീവ്രത ഏറ്റവും വിനാശകരമായി ബാധിച്ച ഇടങ്ങളിലൊന്നാണ് ശിവ് വിഹാര്‍. അവിടം മാത്രം തകര്‍ക്കപ്പെട്ടത് രണ്ട് പള്ളികളാണ്.
രണ്ടാഴ്ചക്കപ്പുറം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യത്തെ അഖണ്ഡതക്ക് തീരാ വ്രണമേല്‍പ്പിക്കുന്നതായിരുന്നു. നിരന്തരമായ വിദ്വേഷ പ്രചാരണത്തിന്റെ ഉല്‍പ്പന്നമായി രൂപാന്തരം പ്രാപിച്ച വിഷലിപ്തമായ മനസ്സുകള്‍ ഒരുവേള അതിന്റെ മൂര്‍ത്തഭാവം പ്രാപിച്ചതിന്റെ പരിണത ഫലമായിരുന്നു ഈ കലാപം. നിയമപാലക വൃന്ദത്തിന്റെ പരിതാപകരമായ നിഷ്‌ക്രിയത്വം കാരണം രൂപംകൊണ്ട തീര്‍ത്തും ഒഴിവാക്കപ്പെടാമായിരുന്ന ഒരു കലാപമായി ചരിത്രം ഇവയെ രേഖപ്പെടുത്തുമെന്നുറപ്പ്.
കലാപം സൃഷ്ടിച്ച ആഴമേറിയ മുറിവുണങ്ങാന്‍, നടുക്കം മാറാന്‍ കാലമൊത്തിരി വേണമെന്നതും നേര്.
തികച്ചും ഏകപക്ഷീയമായ വംശീയ ഉന്മൂല ശ്രമമാണ് അരങ്ങേറിയത്. വിദ്വേഷം വമിക്കുന്ന പ്രസ്താവനകളാല്‍ ഉത്തരവാദപ്പെട്ടവര്‍ കളം നിറഞ്ഞപ്പോള്‍ കടിഞ്ഞാണില്ലാത്ത ആള്‍ക്കൂട്ടം ആയുധങ്ങളുമായി തെരുവില്‍ തീ പടര്‍ത്തുകയായിരുന്നു.

തിരഞ്ഞുപിടിച്ച ആക്രമണങ്ങള്‍ക്ക് പ്രാദേശിക സഹായം ലഭിക്കാതിരിക്കുന്നതെങ്ങനെയാണ്. ഏകദേശം പത്തിലധികം പള്ളികളാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാത്രം അഗ്‌നിക്കിരയാക്കപ്പെട്ടത്. അവയില്‍ പത്തു പള്ളികള്‍ എസ്എസ്എഫ് ദേശീയ സംഘം നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ വഴി ഉഗ്ര സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച് സര്‍വ്വതും അപകടകരമായ രീതിയില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമെന്നോണം പാവനമായി പരിപാലിക്കപ്പെട്ടു വരുന്ന മസ്ജിദുകളും വിശുദ്ധഗ്രന്ഥങ്ങളും അലങ്കോലപ്പെടുത്തി വിശ്വാസികളെ ഭയപ്പെടുത്തുന്നതില്‍ കാപാലികര്‍ ഒരു പരിധി വരെ വിജയം കണ്ടിട്ടുണ്ട്. മാത്രമല്ല പലയിടത്തും മസ്ജിദുകള്‍ക്കകം മദ്യസല്‍ക്കാരത്തിന് വേദിയാക്കപ്പെട്ടതായി അവശേഷിച്ച മദ്യകുപ്പികള്‍ സാക്ഷ്യപ്പെടുത്തുന്നു. കലാപം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കലാപ ബാധിത മേഖലകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സ്വജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള സര്‍വ്വ ആത്മവിശ്വാസവും നഷ്ടമായവരുടെ ദൈന്യത എത്രയാണ്. ഇതൊക്കെ വാക്കുകളില്‍ പ്രയോഗിക്കപ്പെടുന്നതിനൊരു പരിധിയില്ലേ. സ്വന്തം നാടും വീടും ഉപേക്ഷിച്ച് വെറും കൈയാല്‍ പലായനം ചെയ്തവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു ബന്ധുവീടുകളിലും തുടരുകയാണ്. വീടിനെയോ സമ്പത്തിനെയോ ജീവനെ തന്നെയോ കലാപം ബാധിക്കാത്തവര്‍ ഇത്തരം മേഖലയില്‍ തുലോം കുറവാണ്. കടകളൊക്കെയും അടഞ്ഞു കിടക്കുന്നു. മൂകമായ ഭീകരത തളം കെട്ടിക്കുന്ന അന്തരീക്ഷം നിരന്തരം അവരെ വേട്ടയാടുന്നു. വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസം ശ്രമകരമായ ദൗത്യമാണ്. ഭാരിച്ച ചിലവുകള്‍ വരുന്നൊരു പ്രക്രിയ. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥ.
സ്ഥിതിഗതികള്‍ ശാന്തമാവേണ്ടതുണ്ട്. സ്വസ്ഥ ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. മസ്ജിദുകളുണര്‍ന്നാല്‍ അവര്‍ക്കൊരു നേരിയ ആശ്വാസം ലഭിക്കും. അതിജീവനത്തിന്റെ വഴികള്‍ തെളിയിക്കാനാവും. നഷ്ടപ്പെട്ടൊതൊക്കെയും വീണ്ടെടുക്കാമെ പ്രത്യാശ പകര്‍ന്നു നല്‍കാനാവും. കലാപത്തെ തുടര്‍ന്ന് പലായനം ചെയ്തവരില്‍ താമസയോഗ്യമായ വീടുകള്‍ ഉള്ളവര്‍ പോലും മടങ്ങിയെത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. മസ്ജിദുകളില്‍ അഞ്ചു നേരത്തെ പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചാല്‍ പുനരധിവാസത്തിന് അതൊരു ഊര്‍ജ്ജമേകും. സ്ഥിതിഗതികള്‍ ശാന്തമായി എന്ന വിചാരം മടങ്ങിവരവിന് ഒരു ഉള്‍പ്രേരകമായി വര്‍ത്തിക്കും.

അതിന്റെ ഭാഗമായി കാപാലികര്‍ അഴിഞ്ഞാടിയ ശിവ് വിഹാറിലെ ഔലിയ മസ്ജിദ് എസ്എസ്എഫ് പ്രവര്‍ത്തകര്‍ ശുചീകരിച്ച് ആരാധനായോഗ്യമാക്കി. മസ്ജിദിന്റെ നഷ്ടക്കണക്കുകളും അനുബന്ധ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചില്ല എന്നറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ ഉത്തരവാദിത്വപ്പെട്ട എസ് ഡി എമ്മുമായി (Sub District Magistrate) ബന്ധപ്പെട്ട് ഇന്‍സ്‌പെക്ഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശുചീകരണ പ്രവര്‍ത്തിയിലേക്ക് കടന്നത്. കലാപത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഡോക്യൂമെന്റേഷന്‍ ശേഖരിച്ച ശേഷമാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. പള്ളിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സുധീര്‍കമായ നടപടികള്‍ ആവശ്യമാണ്. ഫ്‌ലോറിങ് അടക്കം തകര്‍ന്ന പള്ളിയുടെ പുനര്‍ നിര്‍മാണം ഭാരിച്ച ഉത്തരവാദിത്വമാണ്. പ്രാഥമിക ശുചീകരണത്തിലൂടെ താത്കാലികമായി ഉപയോഗയോഗ്യമാക്കി തുറന്നു കൊടുക്കാന്‍ സാധിച്ചെങ്കിലും സാശ്വത പരിഹാരം കാണേണ്ടതുണ്ട്.

ബാങ്കൊലി നിലച്ച, ഭീതി മുഖരിതമായ, ഇരുള്‍ മൂടിയ അന്തരീക്ഷത്തില്‍ മസ്ജിദിന്റെ പുനരുദ്ധാരണം അവര്‍ക്കൊരു പ്രതീക്ഷയാണ്. ഇനി ആ മിനാരങ്ങളില്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ ഉയരും, രണ്ടാഴ്ചക്കിപ്പുറം വെള്ളിയാഴ്ചയുടെ പെരുന്നാള്‍ ദിനത്തില്‍ അവര്‍ വീണ്ടും ഒത്തുകൂടും. ജുമുഅ പുനരാരംഭിക്കും. ബാക്കി വെച്ച ജീവിതത്തിന്റെ അധ്യായങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ക്കാര്‍ അവരെ സജ്ജമാക്കണം.

അക്രമത്തില്‍ തകര്‍ന്ന കജൂരി ഖാസിലെ ഫാത്തിമ മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച എസ്എസ്എഫ് ദേശീയ ഉപാധ്യക്ഷന്‍ സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ ജുമുഅ പുനരാരംഭിച്ചിരുന്നു.
അവര്‍ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി. ഏവര്‍ക്കും പ്രതീക്ഷ പകരാനാവണം. കൂടെയുണ്ടെന്ന പ്രതീതി ജനിപ്പിക്കാനാവണം. മതഭ്രാന്ത് തീര്‍ത്ത ഭയത്തില്‍ നിന്ന് പതിയെയെങ്കിലും മോചനം സാധ്യമാക്കണം.