Connect with us

Covid19

സഊദിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 21 ആയി

Published

|

Last Updated

ദമാം/റിയാദ് | സഊദിയില്‍ ഒരാളില്‍ കൂടി കൊവിഡ് 19 രോഗബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖ ബാധിതരുടെ എണ്ണം 21 ആയി. ഇവരെ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സ്ഥാപിച്ച തെര്‍മല്‍ നിരീക്ഷണ കാമറയില്‍ ഈജിപ്ഷ്യന്‍ സ്വദേശിയായ യാത്രക്കാരന്റെ താപനില വര്‍ധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈജിപ്തിലേക്കു പോവുകയായിരുന്നു ഇയാള്‍.

മലയാളിയും നിരീക്ഷണത്തില്‍
വിനോദയാത്ര കഴിഞ്ഞ് വിദേശത്ത് നിന്നും സഊദിയില്‍ മടങ്ങിയെത്തിയ മലപ്പുറം സ്വദേശിയെ കൊവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് വിനോദയാത്ര കഴിഞ്ഞ് ഇയാള്‍ റിയാദ് വിമാനത്താവളം വഴി സഊദിയിലെത്തിയത്. താമസ സ്ഥലത്തെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം തിരിച്ചുവിളിക്കുകയായിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് .

Latest