Connect with us

Kerala

എസ് എസ് എൽ സി: 4.22 ലക്ഷം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും; മൂല്യനിർണയം ഏപ്രിൽ രണ്ട് മുതൽ

Published

|

Last Updated

ചിത്രം: ശമീര്‍ ഊര്‍പ്പള്ളി

തിരുവനന്തപുരം | ഈ വർഷത്തെ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പരീക്ഷകൾ നാളെ മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. 2,16,067 ആൺകുട്ടികളും 2,06,383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക.

സർക്കാർ സ്‌കൂളുകളിൽ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 2,53,539 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളുകളിൽ 30,454 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 592 പേരും പരീക്ഷ എഴുതും. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ (പി സി ഒ) 87 പേരും പരീക്ഷ എഴുതും.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് (26,869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2,107). ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസിലാണ് (2,327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവ. എച്ച് എസിലാണ് ഏറ്റവും കുറവ്, രണ്ടു പേർ.
ടി എച്ച് എസ് എൽ സി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,091 പേരാണ് പരീക്ഷ എഴുതുന്നത് (ആൺകുട്ടികൾ 2,828, പെൺകുട്ടികൾ 263). എ എച്ച് എസ് എൽ സി വിഭാഗത്തിൽ ചെറുതുരുത്തി ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ കലാമണ്ഡലം കേന്ദ്രത്തിൽ 70 പേരാണ് പരീക്ഷയെഴുതുന്നത്. എസ് എസ് എൽ സി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 261 പേരും ടി എച്ച് എസ് എൽ സി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ രണ്ട് കേന്ദ്രങ്ങളിലായി 17 പേരുമാണുള്ളത്.

54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ രണ്ട് മുതൽ എട്ട് വരെയും രണ്ടാം ഘട്ടം 15 മുതൽ 23 വരെയുമാണ്. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള അഡീഷനൽ ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.

Latest