Connect with us

Travelogue

ഹെയർപിൻ വളവുകളുടെ പറുദീസ

Published

|

Last Updated

നമ്മുടെ തൊട്ടടുത്തുതന്നെ ഒട്ടേറെ മനോഹരമായ കാഴ്ചകളും ട്രക്കിംഗ് സ്ഥലങ്ങളുമുണ്ടായാലും പലപ്പോഴും അതൊന്നും കാണാൻ നിൽക്കാതെ ദൂരങ്ങളിലേക്ക് ചേക്കേറുന്നവരാണ് നമ്മളിൽ പലരും. അത്തരം മനോഹരമായ രസക്കാഴ്ചകളുള്ള സ്ഥലമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കൊല്ലിമലയിലേത്. രാവിലെ ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ് കൊല്ലിമലയെക്കുറിച്ച് ചെറിയൊരു കുറിപ്പും കുറേയേറെ വിശേഷണങ്ങളും കണ്ടത്. ഫോട്ടോസ് കണ്ടപ്പോൾ തന്നെ മനസ്സിലേക്ക് വല്ലാതെ ആകർഷിച്ചു. അധികം ആലോചനകൾക്ക് നിൽക്കാതെ ഗൂഗിളിൽ ഫോട്ടോസുകൾ നോക്കി. മനോഹരം. ഗൂഗിൾ മാപ് കണ്ട് ഒരു നിമിഷം തരിച്ചിരുന്നുപോയി. വളഞ്ഞു പുളഞ്ഞൊഴുകുന്ന ആറു പോലെ 70 ഹെയർ പിൻ ബെന്റുകൾ. മനസ്സിൽ അതുവരെ നിന്നിരുന്ന മടുപ്പും, മുഷിപ്പും മഞ്ഞുപോലെ അലിഞ്ഞുപോയി. കണ്ടു തീർക്കാൻ മൂക്കിന് താഴെ തന്നെ ഒത്തിരി സ്ഥലങ്ങൾ ഇനിയുമുണ്ട്. ആലോചിക്കാൻ ഒട്ടും സമയം വേണ്ടി വന്നില്ല. കണ്ണാടി പോലെ തെളിഞ്ഞ മനസ്സിൽ കുറിച്ചിട്ടു യാത്ര കൊല്ലിമലയിലേക്ക് തന്നെ. മണിക്കൂറുകൾക്കുള്ളിൽതന്നെ യാത്രക്കുള്ള തയ്യാറെടുപ്പുകളായി.

കൊല്ലിയുടെ സൗന്ദര്യം കാണാൻ

ഹൊഗെനക്കലിൽ നിന്ന് ഉച്ചക്ക് രണ്ടോടെ കൊല്ലിയിലേക്ക് തിരിച്ചു. അഞ്ച് മണിയോടുകൂടി സേലത്തെത്തി. ഒരു കുഞ്ഞു തട്ടുകട കണ്ടപ്പോൾ നേരെ ചായക്കടയിലേക്ക് കയറി. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ കടക്കാരനോട് ഒരു കുശലാന്വേഷണം നടത്തി. നേരം സന്ധ്യയോട് അടുക്കാറായതിനാൽ യാത്ര തിരിച്ചാൽ രാത്രിയിൽ കൊല്ലി മല കയറേണ്ടി വരുമെന്ന് മനസ്സിലായി. കൊല്ലിയുടെ സൗന്ദര്യം നിശയുടെ കമ്പിളി പുതപ്പിനുള്ളിൽ മറക്കേണ്ട എന്നു വിചാരിച്ച് യാത്രയിൽ ഒരു ചെറിയ മാറ്റം വരുത്താനും തീരുമാനിച്ചു.

[irp]

നിധി കാണാനായി ഏർക്കാട്ടേക്ക്

സേലത്തിനടുത്തായി “ഏർക്കാട്” എന്ന ചെറിയൊരു ടോപ്‌സ്‌റ്റേഷനുണ്ട്. ഏതാണ്ട് 20 ഓളം ഹെയർപിൻ ബെന്റുകളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി ഒരു മനോഹരമായ സ്ഥലം. കുടുംബത്തോടൊപ്പമൊക്കെ സന്ദർശിച്ചിക്കാൻ പറ്റിയ ഇടം. അത്യധികം ആവേശത്തോടെ ഏർക്കാട് മലയടിവാരത്തിലെത്തി. പകലൊളി വിതറിയ സൂര്യൻ വിടവാങ്ങി. ചുവപ്പിൽ ചാലിച്ച ആകാശം. വാഹനങ്ങൾ പൊതുവെ കുറവായതിനാൽ ചീവീടുകളുടെ ശബ്ദം കാതിൽ തുളഞ്ഞു കയറി. റോഡാണെങ്കിൽ ഗജ ഗംഭീരം. മരം കോച്ചുന്ന തണുപ്പിൽ തീ കായുന്ന സുഖമറിഞ്ഞു വണ്ടിയോടിച്ചു. അപ്പോഴും മനസ്സിൽ ആ ചായക്കടക്കാരന്റെ വാക്കുകൾ അലയടിക്കുകയായിരുന്നു. ഹെയർപിൻ ബെന്റുകൾ താണ്ടി രാത്രിയിൽ എത്തുന്നവർക്കായി ഏർക്കാട് ഒരു നിധി കാത്തുവെച്ചിട്ടുണ്ട്. അതറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സ് മുഴുവൻ. പോകുന്ന വഴിയിൽ ചെറിയ ചെറിയ വ്യൂ പോയിന്റുകൾ കണ്ടു. ഓരോന്നും ഒന്നിനൊന്ന് മികച്ചത്. പോകുന്ന വഴിയിലുടനീളം മനോഹരമായ കാഴ്ചകളും അനുഭവങ്ങളും. എത്ര വർണിച്ചാലും ചിലപ്പോൾ അതിമാകില്ല. കറുപ്പിൽ മൂടി നിൽക്കുന്ന ആ മലക്ക് താഴെ ആയിരക്കണക്കിന് ദീപശിഖകൾ ജ്വലിച്ചു നിൽക്കുന്ന പോലെ ആ സേലം പട്ടണം പ്രകാശത്തിൽ കുളിച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ പറയട്ടെ, ഏർക്കാട് രാത്രി കാണാൻ സാധിക്കണം. ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെ.

സ്വപ്‌ന യാത്ര

മാസങ്ങളായി കാത്തിരുന്ന ഒരു സ്വപ്‌ന യാത്രയുടെ സന്തോഷം മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. ആദ്യമായി അക്ഷരം പഠിക്കാനായി സ്‌കൂളിലേക്ക് പോകുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മനസ്സുമായാണ് ഞങ്ങൾ കൊല്ലി മല കയറിയത്. ഒരു നല്ല അധ്യാപികയെ പോലെ ഓരോ ചുവടിലും അവൾ പലതും കാണിച്ചു തന്നു. ഏതൊരു പട്ടണപ്രേമിയെയും ഒറ്റ യാത്രയിലൂടെ പ്രകൃതി സ്‌നേഹിയാക്കി മാറ്റാനുള്ള കരുത്ത് അവളിൽ ഞങ്ങൾ കണ്ടു. ഒമ്പത് മണിയോടെ കൊല്ലിയുടെ അടിവാരത്ത് കാരവല്ലിയിലെത്തി, അവിടെന്നാണ് കൊല്ലിയിലെ യാത്ര ആരംഭിക്കുന്നത്.
ഓരോ ഹെയർപിന്നുകളും എണ്ണിയെണ്ണിക്കയറുമ്പോൾ, തണുപ്പ് കൂടിക്കൂടി വന്നു. ഹെയർപിൻ കാണുമ്പോൾ വലിയ സാഹസങ്ങൾക്കൊന്നും മുതിരരുത്. തമിഴ് ബസുകളുടെയും പാണ്ടി ലോറികളുടെയും കാതടിപ്പിക്കുന്ന ശബ്ദം, മലയുടെ ദിക്കുകളിൽ പ്രതിധ്വനിച്ചു. ഓരോ വ്യൂ പോയിന്റും കണ്ടു ആസ്വദിച്ചു പതിയെ മല കയറി. കെ എൽ രജിസ്‌ട്രേഷൻ കണ്ട് പലരും കുശലം ചോദിച്ചു. ഓരോ ഹെയർ പിന്നുകളുംകളും എണ്ണി അവസാനം എഴുപതാമത്തേതും എണ്ണി നമ്മൾ എത്തുന്നത് ഒരു സുഗന്ധ വ്യഞ്ജന കലവറയിലേക്കാണ്. കൊല്ലിയിലെ സെമ്മേട് എന്ന ചെറിയ ഗ്രാമ പശ്ചാത്തലതോടെയുള്ള ചെറിയ പട്ടണം. കാപ്പിയുടെയും കറുകപട്ടയുടെയും ഏലക്കയുടെയും മനം മയക്കുന്ന സുഗന്ധമാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. അവിടെ പഴങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വിൽക്കുന്ന ഒരു മാർക്കറ്റുണ്ട്. മെയ്ഡ് ഇൻ കൊല്ലി ഹിൽസ്. കുറേനേരം കറങ്ങി കാഴ്ചകൾ കണ്ടു. 50 രൂപക്ക് ഒരു കിലോ മാതള നാരങ്ങ വാങ്ങി ബാഗിലിട്ടു. ചക്ക മുതൽ പല വെറൈറ്റി പഴങ്ങളും പച്ചക്കറികളും ഇവിടെ കിട്ടും.


ഒരുപാട് സഞ്ചാരികളൊന്നുമില്ല.. ടൂറിസം പതിയെ വണ്ടി പിടിച്ച് വരുന്നേയുള്ളൂ. സെമ്മേടിൽ നിന്നും 12 കി.മീ പോയാൽ ആഗായഗംഗ വെള്ളച്ചാട്ടത്തിൽ എത്താം. വളരെ ഉയരത്തിൽ നിന്ന് വളരെ മനോഹരമായി പാലു പോലെ ഭൂമിയിലേക്ക് നുരഞ്ഞു പതിക്കുന്നു. അങ്ങോട്ടു പോകാൻ 1200 സ്‌റ്റെപ്പുകൾ നടന്ന് ഇറങ്ങണം. ഹൊഗനക്കലിലെ മസാജിന് (ചവിട്ടി തിരുമ്മൽ) ശേഷം ശരീരത്തിൽ ആകെ ഒരു വേദന. പിന്നെ കാലിനൊരു ചെറിയ ഉളുക്കും. അതുകൊണ്ടൊക്കെ തന്നെ 1200 സ്‌റ്റെപ് ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയിൽ ഞാൻ കീഴടങ്ങി. അങ്ങനെ ആഗായ ഗംഗയെ മറന്ന്, കൊല്ലി ഹിൽസ് നന്ദി പറഞ്ഞ് മലയിറങ്ങി. ഒപ്പം സ്‌നേഹത്തിന്റെ ഒരു കയ്യൊപ്പും.

അങ്ങനെ നാമക്കലും, കോയമ്പത്തൂരും പാലക്കാടും പിന്നിട്ട് കൊച്ചിയിലേക്ക്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് റൈഡേഴ്‌സിന് പറ്റിയ സ്ഥലമാണ് കൊല്ലി. എന്നാൽ ഏർക്കാട് എല്ലാവർക്കും പ്രത്യേകിച്ച് കുടുംബത്തിന് ഇഷ്ടപ്പെടുന്ന സ്ഥലമാണ്.

സുനീർ ഇബ്രാഹിം
suneeribrahim@gmail.com

---- facebook comment plugin here -----

Latest