Connect with us

National

കുട്ടികൾ നേരിടുന്ന മാനസികാഘാതം കടുത്ത ഭീഷണി

Published

|

Last Updated

ന്യൂഡൽഹി | മുസ്‌ലിംകൾക്കെതിരായി വടക്കുകിഴക്കൻ ഡൽഹി ഭീതിയകന്ന് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുമ്പോൾ മാനസികാഘാതമേറ്റ കുട്ടികൾ ഉൾപ്പെടെ ഇരകൾക്കിടയിൽ പുതിയ പ്രശ്‌നങ്ങൾ തലപൊക്കുന്നു. കണക്കുപ്രകാരം 44 പേർ മരിക്കുകയും 200 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. അവർ കലാപം ഭയന്ന് ഓടിപ്പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ കലാപാനന്തര ഡൽഹി സാധാരണ നിലയിലേക്ക് സഞ്ചരിക്കുകയാണ്.

അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക നില വീണ്ടെടുക്കുന്നതിന് ഡൽഹി ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ക്യാമ്പുകളിൽ കുട്ടികൾക്ക് വേണ്ടി ചൈൽഡ് ഫ്രന്റ‌്ലി സ്‌പേസ് എന്ന പേരിൽ വിവിധ പരിപാടികൾ ഒരുക്കുന്നുണ്ട്. മൂന്ന് മുതൽ 14 വരെയുള്ള ഇരുനൂറോളം കുട്ടികളാണ് ക്യാമ്പുകളിലുള്ളത്. കലാപത്തിന്റെ ഭീകരത നേരിട്ടുകണ്ട നിരവധി കുട്ടികൾ കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ട്. തെരുവുകൾ കത്തിയമരുമ്പോൾ ജീവനും കൊണ്ടോടിയവരോടൊപ്പം പല കുട്ടികളും കൂട്ടം തെറ്റി. പിന്നീട് ക്യാമ്പുകളിൽ െവച്ചാണ് ഇവർ രക്ഷിതാക്കളെ കണ്ടത്. മരണങ്ങൾക്ക് സാക്ഷിയായി നിരവധി കുട്ടികളും ക്യാമ്പുകളിലുണ്ട്. ഈ കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് കൗൺസലിംഗും മാനസികോല്ലാസത്തിന് ഇണങ്ങുന്ന കളികളും സംഘടിപ്പിക്കുന്നതെന്ന് പ്രൊജക്ട് കോ-ഓഡിനേറ്റർ ലക്ഷ്മി പാൽ പറഞ്ഞു.
കലാപം ആരംഭിച്ചതോടെ സ്‌കൂളുകൾ അടഞ്ഞു കിടക്കുകയാണ്. നിരവധി സ്‌കൂളുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹോളിയും വന്നതോടെ അവധി ദീർഘിപ്പിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ മാനസികോർജം പകരുന്ന പ്രവൃത്തികളിൽ വ്യാപൃതരാക്കുകയാണെന്ന് അവർ പറഞ്ഞു.

അൽ ഹിന്ദ് ആശുപത്രിയിൽ ഡോ. എം എ അൻവർ വിട്ടുകൊടുത്ത ഒരു ഭാഗത്തും ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ഈദ് ഗാഹ് അഭയാർഥി ക്യാമ്പിലും ഇത്തരത്തിൽ കുട്ടികളുടെ പരിചരണത്തിനായി പ്രത്യേക സങ്കേതങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകൾ ശുചിയാക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളിൽ മുഴുകുന്നതിനാൽ കുട്ടികളുടെ മാനസിക സമ്മർദം കുറയുന്നതായി സന്നദ്ധ പ്രവർത്തകർ പറയുന്നു.

കലാപം വഴിയാധാരമാക്കിയവർക്ക് അന്നവും വസ്ത്രവും മരുന്നുമായി ഏറ്റവും ആദ്യം ഓടിയെത്തിയവരിൽ സിഖ് സമൂഹം തന്നെയായിരുന്നു മുന്നിൽ. ഏറ്റവും അവസാനത്തെ മനുഷ്യൻ കഴിക്കുന്നതു വരെ ഭക്ഷണം നൽകുക എന്നതാണ് തങ്ങളുടെ ഭക്ഷണ വിതരണത്തിന്റെ രീതിയെന്ന് ഭഗത് സിംഗ് യൂത്ത് ഫെഡറേഷൻ പ്രസിഡന്റ‌് സത്‌നാം സിംഗ് പറഞ്ഞു. കലാപം കത്തിയെരിഞ്ഞതു മുതൽ വഴിയോരങ്ങളിൽ ആരംഭിച്ച ഭക്ഷണ വിതരണം ഇപ്പോഴും തുടരുകയാണ്. പുതിയ വസ്ത്രങ്ങളും അവിടെയുണ്ട്. ഭക്ഷണം കഴിക്കാനും വസ്ത്രങ്ങൾ ശേഖരിക്കാനും രാവിലെ മുതൽ വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
ജാമിയ മില്ലിയ, ജെ എൻ യു, ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികൾ അടക്കമുള്ള നിരവധി വിദ്യാർഥികൾ ദിവസങ്ങളായി ക്യാമ്പുകളിലും പ്രശ്‌ന ബാധിത പ്രദേശങ്ങളിലുമുണ്ട്. ഡി വൈ എഫ് ഐ, എസ് എസ് എഫ്, ആർ സി എഫ് ഐ, കെ എം സി സി തുടങ്ങിയ വിവിധ സംഘടനകളുടെ പ്രവർത്തകരും പ്രശ്‌ന ബാധിതമേഖലയിൽ ദിവസങ്ങളായുണ്ട്. ഇരകൾക്ക് വൈദ്യ, നിയമ സഹായം ലഭ്യമാക്കുന്നതിന് വിവിധ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ ശേഖരിക്കുന്നതും സർക്കാറിനും പോലീസിനും നൽകാനുള്ള പരാതികൾ തയ്യാറാക്കാൻ സഹായിക്കുന്നതും ഇത്തരം സംഘങ്ങളാണ്. ഹോളി അവധിക്ക് നാട്ടിൽ പോകാതെയാണ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഈ സന്നദ്ധ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകരായ നിരവധി മലയാളികളും ഇവിടെ നിയമ സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിനെ പോലെ നിരവധി പേർ ജോലിയിൽ നിന്ന് അവധിയെടുത്ത് ക്യാമ്പിൽ സേവനം ചെയ്യുന്നുണ്ട്. ദിവസവും 400 ഓളം രോഗികളെയാണ് ഇവർ ക്യാമ്പുകളിൽ പരിശോധിച്ചത്. ക്യാമ്പിൽ കഴിയുന്നവർ കടുത്ത മാനസികാഘാതം അനുഭവിക്കുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മാനസികാഘാതം ഭേദപ്പെടാൻ സമയമെടുക്കുമെന്നും സന്നദ്ധ പ്രവർത്തകർ പറയുന്നു. പലർക്കും മനഃശ്ശാസ്ത്ര ചികിത്സ ആവശ്യമാണെന്ന് സുപ്രീം കോടതി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഡൽഹിയിലെ കേരളാ സ്‌കൂളിൽ ഒത്തുചേർന്ന സന്നദ്ധ പ്രവർത്തകരാണ് വിവിധ വിഭാഗമായി തിരിഞ്ഞ് പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് നീങ്ങിയത്.

രേഖകളെല്ലാം കലാപകാരികൾ കത്തിച്ചു കളഞ്ഞു എന്നതാണ് ഇരകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആധാർ, വോട്ടർ ഐ ഡി, ജനന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ രേഖകൾ എല്ലാം നഷ്ടമായിട്ടുണ്ട്. ഇത്തരം രേഖകൾ താത്കാലികമായി നൽകുന്നതിനുള്ള സംവിധാനം പോലും സർക്കാർ തലത്തിൽ ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ നഷ്ടപരിഹാരം പോലുള്ള കാര്യങ്ങളിൽ ഒരു പ്രതീക്ഷയും ഇവർക്കില്ല. പലരും വാടകക്ക് താമസിക്കുന്നവരാണ് എന്നതിനാൽ അവർക്ക് വസ്തുവകകൾ നഷ്ടപ്പെട്ടതിന്റെ പേരിൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യവും നേരിടുന്നതായി സന്നദ്ധ പ്രവർത്തകർ പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്