Connect with us

Kozhikode

പക്ഷിപ്പനി: കോഴി വിപണിയിൽ മാന്ദ്യം

Published

|

Last Updated

കോഴിക്കോട് | പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോഴി വിപണിയിൽ മാന്ദ്യത അനുഭവപ്പെട്ട് തുടങ്ങി. വിവാഹ സത്കാരങ്ങൾക്ക് നേരത്തേ കോഴിയിറച്ചി ബുക്ക് ചെയ്തവർ ഓർഡറുകൾ റദ്ദാക്കുകയാണ്. നഗരത്തിൽ മാത്രം ഇത്തരത്തിൽ ആയിരക്കണക്കിന് കിലോഗ്രാം കോഴി ഇറച്ചിയാണ് റദ്ദാക്കിയത്.
മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ വിവാഹ സീസൺ കൂടിയായതിനാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴി കച്ചവടക്കാരെ ആശങ്കയിലാഴ്ത്തി. നിലവിൽ കിലോഗ്രാമിന് 120 മുതൽ 130 രൂപയാണ് കോഴി വില. കോഴിക്കോട് ജില്ലയിൽ മാത്രം 1,700 ഓളം ചിക്കൻ വ്യാപാരികളാണുള്ളത്.

കോഴി മാംസം ഒഴിവാക്കപ്പെടുമ്പോൾ മിക്കവരും മാട്ടിറച്ചിയിലേക്കാണ് നീങ്ങുക. ഇന്നലെ കോഴിക്കോട്ടും മലപ്പുറത്തുമായി മാട്ടിറച്ചിക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നതായി ബീഫ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി പി സാഹിദ് പറഞ്ഞു.
നിലവിൽ മാട്ടിറച്ചിക്ക് 280-300 രൂപയാണ് വില. 2016ൽ പക്ഷിപ്പനി സ്ഥിരീകരിച്ച സമയത്ത് മാട്ടിറച്ചി വിൽപ്പനയിൽ ഇരട്ടി വർധനവുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മുന്പും ശരാശരി 100 ലോഡ് കാലികളെയാണ് കോഴിക്കോട്ട് കൊണ്ടു വരുന്നത്. പുതിയ സാഹചര്യത്തിൽ കൂടുതൽ ലോഡ് ഓർഡർ ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഈറോഡ് എന്നിവിടങ്ങളിൽ നിന്നാണ് കാലികളെ കൊണ്ടു വരുന്നത്. അതേസമയം, കോഴി വിപണിയിലെ മാന്ദ്യം മീൻ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടില്ല. അയക്കൂറ, ആവോലി, നെയ്മീൻ ഇനങ്ങൾക്ക് യഥാക്രമം 500, 450, 250 രൂപയാണ് വില. എന്നാൽ, കോഴി മാംസം ഒഴിവാക്കുന്നതോടെ വീടുകളിലെ നിത്യോപയോഗത്തിന് ധാരാളം ആളുകൾ ചെറുമീനുകളെ ആശ്രയിക്കാനിടയുണ്ട്.