Connect with us

Kerala

ചാനല്‍ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റം; ശക്തമായി പ്രതിഷേധിക്കും: കെ യു ഡബ്ല്യു ജെ

Published

|

Last Updated

തിരുവനന്തപുരം | ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി. സംപ്രേഷണം നിര്‍ത്തിവപ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണു ശ്രമം. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണ്. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം.

മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവക്കാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടു ദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവില്‍ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും.

Latest