Connect with us

Kerala

സാങ്കേതിക സര്‍വകലാശാല വിവാദം; മന്ത്രി ജലീലിനെതിരെ ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും സര്‍വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി രൂപവത്ക്കരിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും സര്‍വകലാശാല ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ വ്യവസ്ഥകളില്ലെന്നും അദ്ദേഹം പറഞ്ഞു.

അദാലത്ത് സംഘടിപ്പിച്ചതും തോറ്റ ബിടെക് വിദ്യാര്‍ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം കേട്ട ശേഷമാണ് ഗവര്‍ണറുടെ നടപടി. അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല്‍ വിദ്യാര്‍ഥിയുടെ ഭാവി മുന്‍നിര്‍ത്തി ഇടപെടുന്നില്ലെന്നും എന്നാല്‍ ഇതൊരു കീഴ്വഴക്കമാക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ബിടെക് വിദ്യാര്‍ഥിക്ക് പുനര്‍ മൂല്യനിര്‍ണയത്തിലുടെ നല്‍കിയ മാര്‍ക്ക് ഗവര്‍ണര്‍ തിരുത്തിയില്ലല്ലോ എന്ന് ജലീല്‍ ചോദിച്ചു.